ന്യൂദല്‍ഹി: ഇന്ത്യയുടെ ‘പ്രോജക്ട് ചീറ്റ’ പദ്ധതിക്ക് ചരിത്രപരമായ നേട്ടം. ഇന്ത്യയിലെ ആദ്യത്തെ പെൺ ചീറ്റയായ ‘മുഖി’ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ (Kuno National Park) അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഇന്ന് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.
“ഇന്ത്യയിൽ ജനിച്ച ചീറ്റയായ മുഖി, മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്. ഇന്ത്യയുടെ ചീറ്റ പുനരുദ്ധാരണ പദ്ധതികൾക്ക് ഇത് ഒരു വലിയ വിജയമാണ്. 33 മാസം പ്രായമുള്ള മുഖി, ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പെൺ ചീറ്റയാണ്, ഇപ്പോൾ പ്രസവിച്ച ആദ്യത്തെ ഇന്ത്യൻ വംശജയായ ചീറ്റയായി മാറിയിരിക്കുന്നു, പ്രോജക്റ്റ് ചീറ്റയുടെ ഒരു വലിയ വിജയമാണിത്” എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഇന്ത്യയിൽ ജനിക്കുകയും ഇവിടെ വെച്ച് വിജയകരമായി ബ്രീഡിങ്ങ് നടത്തുകയും ചെയ്യുന്ന ആദ്യത്തെ പെൺചീറ്റയാണ് 33 മാസം പ്രായമുള്ള മുഖി. ചീറ്റപ്പുലികൾ ഇന്ത്യൻ ആവാസവ്യവസ്ഥയുമായി ആരോഗ്യകരമായി ഇണങ്ങിച്ചേരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. ചീറ്റപ്പുലികൾക്ക് ഇന്ത്യയിൽ സ്വന്തമായി വളരാനും നിലനിൽക്കാനും കഴിയും എന്ന് തെളിയിക്കുന്നു എന്നും മോഹൻ യാദവ് പറഞ്ഞു.
ഏകദേശം 70 വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ 2022 സെപ്റ്റംബർ 17നാണ് ഇന്ത്യയിൽ വീണ്ടും എത്തിച്ചത്. ചീറ്റകളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുവന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിടുകയായിരുന്നു.
















