ഇസ്ലാമാബാദ്: ഭാരതവുമായി ഒരു ‘സമ്പൂർണ്ണയുദ്ധ’ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് രാജ്യം ‘സമ്പൂർണ്ണ ജാഗ്രത’ പാലിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘നമ്മൾ പൂർണ്ണമായും ജാഗ്രത പാലിക്കണം’: ഖ്വാജ ആസിഫ്
‘സമാ ടിവി’ക്ക് നൽകിയ അഭിമുഖത്തിൽ പാകിസ്ഥാൻ മന്ത്രി പറഞ്ഞു, ‘ഒരു സാഹചര്യത്തിലും ഞങ്ങൾ ഭാരതത്തെ അവഗണിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. എന്റെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അതിർത്തിയിലെ കടന്നുകയറ്റമോ ആക്രമണങ്ങളോ ഉൾപ്പെടെ (ഒരുപക്ഷേ അഫ്ഗാൻ ആയിരിക്കാം) ഭാരതത്തിൽ നിന്നുള്ള ഒരു പൂർണ്ണ യുദ്ധമോ ശത്രുതാപരമായ തന്ത്രമോ ഞാൻ തള്ളിക്കളയുന്നില്ല. നമ്മൾ പൂർണ്ണമായും ജാഗ്രത പാലിക്കണം.’ പാകിസ്ഥാനിലെ പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകനായ അലിം ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് സമാ ടിവി.
ഇസ്ലാമാബാദ് ഇപ്പോൾ നേരിടുന്നത്’രണ്ട് മുന്നണി’ ഭീഷണിയാണെന്ന് ആസിഫ് പറഞ്ഞു; പാകിസ്ഥാന്റെ സുരക്ഷാ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്താൻ ഭാരതം അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ ഒരു ’88 മണിക്കൂർ ഓപ്പറേഷന്റെ ട്രെയിലർ’ മാത്രമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖ്വാജ ആസിഫിന്റെ പരാമർശം.
















