കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിശദ വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.
ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ പ്രതിയാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുരാരി ബാബുവിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും മുരാരി ബാബു വാദിച്ചു. താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചുമതലയേല്‍ക്കും മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മുരാരി ബാബു കോടതിയില്‍ പറഞ്ഞു.
അതിനിടെ, മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് മുന്നോടിയായുള്ള പ്രൊഡക്ഷന്‍ വാറന്റ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ വാസു നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്.
















