ന്യൂദൽഹി: ഇസ്ലാമാബാദുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഭാരതത്തിൽ ‘ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ’ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ നേതാവ് ചൗധരി അൻവറുൽ ഹഖ് പരസ്യമായി സമ്മതിച്ചു. പാക് അധീന കശ്മീരിൽനിന്നുള്ള രാഷ്‌ട്രീയ ംനേതാവാണിയാൾ. 2023 മുതൽ കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നു. അതിനുമുമ്പ്് പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് സ്ഥാപക നേതാവായിരുന്നു.
2025 നവംബർ 10 ന് ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള കാർ ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതും, ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്നതും അടക്കം ഭീകരാക്രമണത്തെക്കുറിച്ചാണ് ഹഖിന്റെ പരാമർശങ്ങൾ.
പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകര നയത്തെക്കുറിച്ചാണ്് ഹഖ് ഒരു വീഡിയോയിൽ, സമ്മതിക്കുന്നത്.
”നിങ്ങൾ ബലൂചിസ്ഥാനിൽ രക്തം ചൊരിയുന്നത് തുടർന്നാൽ, ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ ഭാരതത്തെ ആക്രമിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഞങ്ങൾ അത് ചെയ്തു, അവർക്ക് ഇപ്പോഴും മൃതദേഹങ്ങൾ എണ്ണാൻ കഴിയുന്നില്ല.’ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പാകിസ്ഥാന്റെ നഗ്‌നമായ പിന്തുണ വെളിപ്പെടുത്തിക്കൊണ്ട് ഹഖ് പറഞ്ഞു.















