കൊച്ചി : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം മന്ത്രിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതി. തീര്‍ഥാടനം സുഗമമാക്കാന്‍ ഏകോപനം അടിയന്തരമായി വേണമെന്നും കോടതി പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ രീതി വേണം. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്നും കോടതി കുറ്റപ്പെടുത്തി.
ഇത്തവണ മുന്‍ ഒരുക്കങ്ങളില്‍ വലിയ വീഴ്‌ച്ച സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. തിരക്ക് ഉണ്ടാകുമ്പോള്‍ മാത്രം പരിഹരിക്കുന്ന താല്‍കാലിക രീതി അല്ല വേണ്ടത്. ഭാവി മുന്നില്‍ കണ്ടുള്ളു ശാസ്ത്രീയ രീതി വേണം.ഭക്തരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമാണ് ആദ്യ പരിഗണന. വെള്ളവും ഭക്ഷ്യ വസ്തുക്കളും ആരോഗ്യ സംവിധാനങ്ങളും വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ഉറപ്പാക്കണം.
ശബരിമലയുമായി ബന്ധപ്പെട്ട് വിദഗ്‌ദ്ധ സമിതി രൂപീകരിച്ച ശേഷം അവര്‍ വിവര ശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉള്‍ക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണം കണക്കാക്കണം. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍,പൊലീസ്, വനം, ആരോഗ്യം, ജില്ല ഭരണകൂടം, എന്നിവരുള്‍പ്പെടുന്ന സമിതിയാകണം രൂപീകരിക്കേണ്ടത്. കമ്മിറ്റി ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. ശബരിമല സീസണിന് മുമ്പും ശേഷവും യോഗം ചേരണം. ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നാല്‍ റെഡ് സോണായി കണക്കാക്കി ദേവസ്വം ബോര്‍ഡ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
സന്നിധാനത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയര്‍ത്തണം. നിലവില്‍ ഇത് 104 ആണ്. കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണം. ഓരോ ടോയ്‌ലറ്റ് യൂണിറ്റിലും മേല്‍നോട്ടത്തിനായി ഒരു ജീവനക്കാരനെയും നിയോഗിക്കണം. ശുചിമുറികളില്‍ വൃത്തി വേണം. പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം തടസമില്ലാതെ വേണം. ഭാഷാ പ്രശ്നം പരിഹരിക്കാന്‍ ‘ഹെല്‍പ്പ് ഡെസ്‌കുകള്‍’ സ്ഥാപിക്കണം. പരാതി അറിയിക്കാന്‍ വെബ് പോര്‍ട്ടല്‍ സജ്ജമാക്കണം എന്നിങ്ങനെ നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ട് വെച്ചു.
















