കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസൽ ഈ തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിൽ ഫൈസൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
2020-ൽ തന്നെ ഫൈസലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനം എടുത്തിരുന്നുവെങ്കിലും, സ്വർണക്കടത്ത് കേസിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പ്രഖ്യാപനം പിന്‍വലിക്കേണ്ടി വന്നിരുന്നു. തുടർന്ന് എൽഡിഎഫിന്റെ പിന്തുണയോടെ ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചിരുന്നു.
അന്ന് ഫൈസൽ മത്സരിച്ചത് കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിലായിരുന്നു. ഐഎൻഎൽ നേതാവായ എൽഡിഎഫ് സ്ഥാനാർത്ഥി വെറും നാമമാത്രത്തിൽ മാത്രമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കി. എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാത്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു
കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല സ്വർണക്കടത്ത് ഇടപാടുകാരുമായി ഫൈസലിന്റെ ബന്ധം സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2013 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറുകിലോ സ്വര്‍ണം ഡിആര്‍എ പിടികൂടിയ കേസില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയായിരുന്നു നടപടി. മുഖ്യപ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ആഡംബര കാര്‍ ഫൈസലിന്റെ വീട്ടില്‍ നിന്നും ഡിആര്‍എ കണ്ടെത്തുകയും ചെയ്തിരുന്നു.
നികുതി അടയ്‌ക്കാതെ മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതിയായിരുന്നു ഫൈസലിനെതിരെ ഉയർന്നത്. 2017 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രത യാത്രയില്‍ ഫൈസലിന്റെ ഈ മിനി കൂപ്പര്‍ വാഹനം ഉപയോഗിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ജനകീയ യാത്രയ്‌ക്ക് വിവാദ നായകനായകന്റെ നികുതി വെട്ടിച്ച ആഡംബരകാര്‍ ഉപയോഗിച്ചത് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായിരുന്നു. ആരുടെ കാര്‍ ആണെന്നു അറിയില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതുപ്രകാരമാണ് ആ വാഹനത്തില്‍ താന്‍ കയറിയതെന്നുമായിരുന്നു കോടിയേരിയും വിശദീകരണം. അതൊരു ആഡബര കാര്‍ ആണെന്നു പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും കോടിയേരി വിശദീകരിച്ചിരുന്നു.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ മിനി കൂപ്പർ കാർ രജിസ്റ്റര്‍ ചെയ്ത് ഫൈസൽ കേരളത്തിൽ ഉപയോഗിക്കുകയായിരുന്നു. ഇതുവഴി പത്ത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം കേരളത്തിൽ ഓടിക്കണമെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്‌ക്കണമന്നുമാണ് നിയമം. എന്നാൽ ഇതുപാലിക്കാതെയായിരുന്നു കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ കേരളത്തിലെ നിരത്തുകളിൽ ചീറിപ്പാഞ്ഞത്.
പിഴ അടയ്‌ക്കാന്‍ ഫൈസല്‍ തയാറാകാതെ വന്നതോടെ മോട്ടോര്‍വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികളും ആരംഭിച്ചിരുന്നു.ഇതിനിടെ, കാർ കേരളത്തിന് പുറത്തേക്ക് കടത്തുകയാണ് ഫൈസല്‍ ചെയ്തത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയുടെ മറവിലാണ് ഫൈസല്‍ കാര്‍ കടത്തിയത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ പല തവണ ആവശ്യപ്പെട്ടിട്ടും ഫൈസല്‍ തയാറായിരുന്നില്ല.
എന്നാല്‍, താന്‍ സ്ഥിരമായി ഈ കാര്‍ കേരളത്തില്‍ ഓടിക്കാറില്ലെന്നും വളരെ കുറച്ചു പ്രാവശ്യം മാത്രമാണ് ഇവിടെ ഓടിച്ചിട്ടുള്ളതെന്നും പറഞ്ഞ് പിഴയൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു ഫൈസല്‍. ഇതിനുശേഷം ഈ കാര്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുതുച്ചേരിയില്‍ നിന്നും എന്‍ഒഎസി വാങ്ങി കാര്‍ വിറ്റതായും അറിഞ്ഞു. ഇതിനു പിന്നാലെ കാരാട്ട് ഫൈസലിനെതിരായ അന്വേഷണങ്ങളും അവസാനിച്ചു.
















