തിരുവനന്തപുരം: രാജ്യസുരക്ഷയ്‌ക്കും പ്രജാക്ഷേമത്തിനുമായി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ആറുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മുറജപം നാളെ പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി ആരംഭിക്കും. അന്‍പത്താറുദിവസം നീണ്ടുനില്‍ക്കുന്ന സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് ശ്രീപദ്മനാഭസന്നിധി മന്ത്രമുഖരിതമാകും.
മുറജപത്തിന് മുന്നോടിയായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലുനടകളിലും 56 ദിവസത്തേക്ക് വേദമണ്ഡപം തുറക്കും. ബുധനാഴ്ച വൈകീട്ട് 4.30ന് പുഷ്പാഞ്ജലി സ്വാമിയാര്‍ ഒറവങ്കര അച്യുതഭാരതി കിഴക്കേനടയില്‍ ദീപം തെളിയിക്കുമെന്ന് ക്ഷേത്രഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ ഋക്, യജുര്‍, സാമ വേദങ്ങളാണ് ജപിച്ചിരുന്നതെങ്കിലും ഇത്തവണ അഥര്‍വവേദം കൂടി ജപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മുറ അവസാനിക്കുന്ന എട്ടാം ദിവസം രാത്രി 8.30ന് നടക്കുന്ന മുറശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി പോകും. ദിവസവും ജപം കഴിഞ്ഞ് ജപക്കാര്‍ക്ക് എട്ടരയോഗം പോറ്റിമാരാണ് ദക്ഷിണ നല്‍കുന്നത്. ശൃംഗേരി, ഉടുപ്പി, ഉത്രാദി, കാഞ്ചീപുരം എന്നീ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ക്ക് പുറമെ ഹൈദരാബാദിലുള്ള ചിന്നജീയര്‍ സ്വാമിയും ജപത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ, തൃശൂര്‍ വാധ്യാന്മാര്‍, കൈമുക്ക്, പന്തല്‍, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികര്‍ എന്നിവര്‍ ജപത്തിനെത്തും. ഇവരെ ആചാരപരമായി സ്വീകരിക്കുന്നതിനും താമസം, ഭക്ഷണം എന്നിവയ്‌ക്കുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. താന്ത്രികമായ പൂജകള്‍ക്ക് തന്ത്രി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാട്, എന്‍.ആര്‍. സതീശന്‍ നമ്പൂതിരിപ്പാട്, എന്‍.ആര്‍. സജിനമ്പൂതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.
മുറജപത്തിന്റെ ഭാഗമായി 20 മുതല്‍ ജനുവരി 10 വരെ വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ കിഴക്കേനടയിലും വടക്കേനടയിലും കലാപരിപാടികള്‍ നടക്കും. വന്ദേ പദ്മനാഭം എന്ന പേരില്‍ നടക്കുന്ന കലാപരിപാടികളില്‍ രാജ്യത്തെ പ്രശസ്തകലാകാരന്മാര്‍ പങ്കെടുക്കും. 20ന് വൈകീട്ട് 5ന് സിനിമാതാരം റാണദഗ്ഗുബതി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
20 മുതല്‍ 48 ദിവസം പദ്മതീര്‍ഥക്കുളത്തില്‍ വൈദ്യുത ദീപാലങ്കാരം ഉണ്ടായിരിക്കും. ജനുവരി 13 മുതല്‍ 16 വരെ പദ്മതീര്‍ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, മൂന്ന് ഗോപുരങ്ങള്‍, നാല് നടകളിലെ റോഡുകള്‍ എന്നിവിടങ്ങളില്‍ ദീപാലങ്കാരം ഉണ്ടായിരിക്കും. 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബര്‍ 27 മുതല്‍ ജനുവരി 7 വരെ നടത്തും. പതിവുള്ള മാര്‍കഴി കളഭം ജനുവരി 8 മുതല്‍ 14 വരെയാണുണ്ടാവുക.
ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14 നാണ്. ലക്ഷദീപത്തിന്റെ ഭാഗമാകാന്‍ ഭക്തര്‍ക്ക് ഏകദീപാര്‍ച്ചനയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ കൗണ്ടറുകളില്‍ ഇതിന് മുന്‍കൂട്ടി ബുക്കുചെയ്യാമെന്നും ഭാരവാഹികള്‍ അറിയിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവര്‍മ, കരമന ജയന്‍, എ.വേലപ്പന്‍നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















