കോന്നി: 2023 ൽ വെട്ടൂരിൽ നിന്ന് കാണാതായ സ്ത്രീയെ ഹൈദരാബാദിൽ മറ്റൊരാൾക്കൊപ്പം താമസിച്ചുവരവെ കണ്ടെത്തി. വെട്ടൂർ പുത്തൻവീട്ടിൽ സരസ്വതിഅമ്മാൾ (52) നെയാണ് മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ നിന്നും കണ്ടെത്തിയത്. പ്രമാടം സ്വദേശിയായ അബിത് ഭവനിൽ അജയകുമാർ (54) നോടാപ്പമായിരുന്നു ഇവരുടെ താമസം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് അജയകുമാർ.വെട്ടൂർ ആയൂർവേദ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞായിരുന്നു സരസ്വതിയമ്മാൾ വീട്ടിൽ നിന്നും ഇറങ്ങിയത്.
എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയില്ല. ഇതേതുടർന്ന് ഭർത്താവ് ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി. ഗോപാലകൃഷ്ണന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട ഗ്രീൻ ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായ അജയകുമാർ വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നൂറനാട് സ്വദേശിയിൽ നിന്ന് 1,30,000 രൂപയും റാന്നി ഇടക്കുളം സ്വദേശിയിൽ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് കേസെടുത്തിരുന്നു.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. സരസ്വതി അമ്മാളിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതിയിൽ ഹാജരാക്കി.
















