കൊച്ചി: വനവാസി സ്വാതന്ത്ര സമര നേതാവായ ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ സമാപന ദിന ആചരണത്തിന്റെ ഭാഗമായി കൊച്ചി ഐസിഎആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ വിപുലമായ പരിപാടികള്‍ നടന്നു. 15 ദിവസം നീണ്ട പരിപാടികളില്‍ രാജ്യത്തെ വിവിധ വനവാസി സമൂഹങ്ങളുടെ പരമ്പരാഗത അറിവ്, കല, ഭക്ഷണ ജീവിത രീതികള്‍, എന്നിവ രേഖപ്പെടുത്തുകയും പൊതു സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു.
സമാപന സമ്മേളനം പദ്മശ്രീ ജേതാവും പരമ്പരാഗത കൃഷിയുടെയും നെല്‍ വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണത്തിന്റെ ആവശ്യകത, സ്വാതന്ത്ര സമരത്തില്‍ ആദിവാസി വിഭാഗത്തിന്റെ പങ്ക്, പരമ്പരാഗത ഭക്ഷരീതികള്‍, കാര്‍ഷിക വിത്തിനങ്ങളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പൈതൃക ഗ്രാമങ്ങള്‍ രൂപികരിച്ചു അതിലൂടെ പരമ്പരാഗത വിഭങ്ങള്‍ സംരക്ഷിക്കണമെന്നും അതിനു കേന്ദ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്തു വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാറ്റൂര്‍ മേഖല അസി. ഡെപ്യൂട്ടി കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അഭയ് യാദവ് മുഖ്യപ്രഭാഷണം നടത്തി. സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ ചടങ്ങിന് അധ്യക്ഷനായി. ഡോ. വി. ചന്ദ്രശേഖര്‍, ഡോ. പ്രജിത്ത് കെ.കെ. എന്നിവര്‍ സംസാരിച്ചു.
















