ന്യൂദല്‍ഹി: ആദ്യ ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പ്രതിരോധസേന. ഫിലിപ്പൈന്‍സിന് നല്‍കിയ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ കടലിലേക്ക് പായിച്ച് ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് ആദ്യ ബ്രഹ്മോസ് പരീക്ഷണം നടത്തി.തെക്കന്‍ ചൈനാക്കടല്‍ ലാക്കാക്കിയാണ് സമുദ്രതീരത്ത് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റ് ഫിലിപ്പൈന്‍സ് സ്ഥാപിച്ചിരിക്കുന്നത്.
തെക്കന്‍ ചൈനാക്കടലില്‍ ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങളെ ചെറുക്കാനാണ് ഫിലിപ്പൈന്‍സ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങിയത്. 2022ല്‍ ആണ് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. അത് ഈയിടെയാണ് മൂന്നാമത്തെ ബ്രഹ്മോസ് ബാറ്ററി യൂണിറ്റ് ഇന്ത്യ അയച്ചത്.
ഫിലിപ്പൈന്‍സ് സേനയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കുന്നതിലും മറ്റും പരിശീലനം നേടിയ ഫിലിപ്പൈന്‍സ് മറൈന്‍ കോര്‍പ്സ് അംഗങ്ങള്‍ ബ്രഹ്മോസ് തൊടുത്തത്.
2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ഈ ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ഈ ബ്രഹ്മോസ് മിസൈലിന് സാധിക്കും.
ഫിലിപ്പൈന്‍സ് 2022ല്‍ മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ആണിത്. മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകള്‍, കമാന്‍റ് വെഹിക്കിള്‍, അനുബന്ധ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ബ്രഹ്മോസ് ബാറ്ററി. ഒരു ബ്രഹ്മോസ് ബാറ്ററിയില്‍ നാല് മൊബൈല്‍ ലോഞ്ചറുകളും ഓരോ ലോഞ്ചറുകളിലും മൂന്ന് മിസൈലുകളും ഉണ്ടാകും. ഈ നാല് ലോഞ്ചറുകള്‍ ഉള്‍പ്പെട്ട ഒരു ബാറ്ററിയില്‍ നിന്നും 12 ബ്രഹ്മോസ് മിസൈലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി തൊടുക്കാനാകും. ഇങ്ങിനെയുള്ള മൂന്ന് ബാറ്ററികളാണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. തീരദേശപ്രതിരോധം, കരയില്‍ നിന്നും സമുദ്രത്തിലുള്ള ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കല്‍, ഭൗമ ആക്രമണം എന്നിവയാണ് ഈ കരയാക്രമണത്തിനുള്ള ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പൊടുന്നനെ ശത്രുകള്‍ക്ക് ഇതിനെ തടയാന്‍ കഴിയില്ല. ഒന്ന് ഇതിന്റെ അതിവേഗതയും ഭൂമിയുടെ നിരപ്പിന് സമാന്തരമായി അധികം ഉയരത്തിലല്ലാതെ പായുന്ന രീതിയുമാണ്. അതിനാല്‍ ശത്രുറഡാറുകള്‍ക്ക് എളുപ്പം പിടിക്കാനാകില്ല. ഒരു ബ്രഹ്മോസ് ബാറ്ററി യൂണിറ്റിന് 1100 കോടി രൂപ വീതം 3300 കോടി രൂപയ്‌ക്കാണ് മൂന്ന് ബ്രഹ്മോസ് ബാറ്ററി യൂണിറ്റുകള്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയത്.
ആദ്യബാച്ച് ബ്രഹ്മോസ് മിസൈല്‍ ബാറ്ററി 2024 ഏപ്രിലിലും രണ്ടാം ബാച്ച് 2025 ഏപ്രിലിലും ഇന്ത്യ അയച്ചിരുന്നു. മൂന്നാമത്തെ യൂണിറ്റും ഈയിടെ അയച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈല്‍ അയച്ചത്. ആറ് മണിക്കൂര്‍ പറന്നാണ് ഹെലികോപ്റ്റര്‍ ഫിലിപ്പൈന്‍സില്‍ മിസൈലുകള്‍ എത്തിച്ചത്. രണ്ടാമത്തെ ബാച്ച് കടല്‍വഴിയാണ് അയച്ചത്. തെക്കന്‍ ചൈനാക്കടലില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് യുദ്ധക്കപലുകളെ തകര്‍ക്കാന്‍ ഫിലിപ്പൈന്‍സ് ബ്രഹ്മോസ് വാങ്ങിയത്. 2023 മുതല്‍ 23 ഫിലിപ്പൈന്‍സ് നാവികരെ ബ്രഹ്മോസ് എങ്ങിനെ ഉപയോഗിക്കണമെന്നത് ഇന്ത്യയില്‍ പരിശീലിപ്പിച്ചിരുന്നു.ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചുപോയി.
















