പാലക്കാട്: മുഖ്യമന്ത്രി എന്നോടൊപ്പം ‘അഥവാ സിഎം വിത്ത് മി’ എന്ന സര്‍ക്കാരിന്റെ പുതിയ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പും അനുവദിച്ച 20 കോടിയും പാഴായ അവസ്ഥ. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു മാസം മുന്‍പാണ് ഈ പരിപാടി ആരംഭിച്ചത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പൊതുജനപരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിറ്റിസണ്‍ കാള്‍ സെന്ററും ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്കു ടോക്കണ്‍ നമ്പര്‍ കിട്ടുന്നതല്ലാതെ യാതൊരു പരിഹാര നടപടികളും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. 48 മണിക്കൂറിനുള്ളില്‍ തുടര്‍നടപടിയും പരിഹാരവും ഉറപ്പ് എന്നതായിരുന്നു പ്രഖ്യാപനം. പ്രതീക്ഷയോടെ ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകളാണ് കോള്‍ സിറ്റിസണ്‍ സെന്ററിലേക്ക് ആവലാതികള്‍ അറിയിച്ച് കാത്തിരുന്ന് നിരാശരാകുന്നത്.
സിഎം വിത്ത് മി പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു. പരാതിക്കാരെ 48 മണിക്കൂറിനുള്ളില്‍ നോഡല്‍ ഓഫീസര്‍ തിരിച്ചുവിളിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ ആരും വിളിക്കാതിരുന്നപ്പോള്‍ പല പരാതിക്കാരും കാള്‍ സെന്ററിലേക്കു തിരിച്ചുവിളിച്ചു അവിടെ നിന്ന് കാര്യമായ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതിക്കാര്‍ അറിയിക്കുന്നത്. പരാതി ഏതെങ്കിലും വകുപ്പിന് കൈമാറിയെന്നാവും മറുപടികളിലേറെയും. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ തന്നെ ഈ പരിപാടിയുടെ പ്രചാരണത്തിനു പിആര്‍ഡിക്ക് 20 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കൊട്ടിഘോഷിച്ച് ഓരോ പരിപാടികള്‍ നടത്തി കോടികള്‍ ധൂര്‍ത്തടിച്ചു കളയുന്നതില്‍ സിപിഎമ്മില്‍ത്തന്നെ കടുത്ത വിമര്‍ശനമുണ്ടാകുന്നുമുണ്ട്.
















