നാസിക്: ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഹിന്ദുസമൂഹം ഒരു അഗ്‌നിപര്‍വ്വതത്തിന്റെ മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ്. ഹൈന്ദവ സമൂഹത്തെ ശിഥിലമാക്കാന്‍ ഇസ്ലാം തീവ്രവാദികളും അവരെ പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളും കഠിനമായി പരിശ്രമിക്കുന്ന കാലഘട്ടമാണിത്. എല്ലാ മേഖലയിലും ഹൈന്ദവസമൂഹത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഹൈന്ദവര്‍ക്ക് ഭാരതമല്ലാതെ പോകാന്‍ മറ്റൊരിടമില്ല. ഈ വെല്ലുവിളിയെ ചെറുക്കാന്‍ കുടുംബശാക്തീകരണം മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രക്ഷയ്‌ക്കായി നാം സംഘടിക്കണം. നമ്മുടെ ഐക്യം മറ്റുള്ളവര്‍ക്കും ഗുണകരമാകും. ജാതിയുടേയും രാഷ്‌ട്രീയത്തിന്റേയും പേരില്‍ ഹൈന്ദവ സമൂഹം വിഘടിച്ചു നില്‍ക്കുന്നതിനെ മുതലെടുത്ത് ഇസ്ലാമികവല്‍ക്കരണം നടപ്പിലാക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ശക്തമായി പിടിമുറുക്കിയിരിക്കുകയാണ്. ശക്തി ശാന്താനന്ദ മഹര്‍ഷി വ്യക്തമാക്കി.
ശബരിമലയില്‍ നടക്കുന്ന കൊള്ളയില്‍പ്പോലും പ്രതികരിക്കാന്‍ കഴിയാതെ നിസ്സംഗാവസ്ഥയിലാണ് ഹിന്ദുക്കളെന്ന് സമ്മേളനത്തില്‍ സംസാരിക്കവെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഐതിഹാസികമായിരുന്നു 2014 ന് ശേഷം ഹൈന്ദവസമൂഹത്തില്‍ ഒരുണര്‍വ്വ് ഉണ്ടായിട്ടുണ്ടെന്നും. ഹിന്ദു തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആധ്യാത്മികമായ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ടെന്നും ആനന്ദവനം ഭാരതി അഭിപ്രായപ്പെട്ടു.
കുടുംബങ്ങളില്‍ നിന്നാണ് പരിവര്‍ത്തനം തുടങ്ങേണ്ടതെന്ന് സ്വാമിനി ദേവി മാതാ പറഞ്ഞു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും നാമം ജപിക്കുകയും ചെയ്യുന്ന ശീലം എവിടെയോ നമുക്ക് നഷ്ടപ്പെട്ടു. മറ്റ് വിഭാഗങ്ങള്‍ എത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരങ്ങളിലെ പ്രാര്‍ത്ഥനകളില്‍ അവര്‍ ഒന്നിക്കും. ഒന്നിച്ചിരുന്നുള്ള കുടുംബ പ്രാര്‍ത്ഥനയ്‌ക്ക് വലിയ ശക്തിയുണ്ടെന്നും സ്വാമിനി ഓര്‍മിപ്പിച്ചു.
കൊവിഡ് കാലത്ത് സ്വാമി ചിദാനന്ദപുരിയുടെ പ്രേരണയാല്‍ ആരംഭിച്ച വസായ് ഹിന്ദു മഹാസമ്മേളനം എന്ന സങ്കല്‍പം ഇന്ന് മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് സമ്മേളനത്തില്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ വസായ് സനാതന ഹിന്ദുധര്‍മ സഭ അധ്യക്ഷന്‍ കെ. ബി. ഉത്തംകുമാര്‍ പറഞ്ഞു.
നാസിക് എംഎല്‍എ സീമ തായി ഹിരെ, ബിജെപി ജില്ലാ അധ്യക്ഷന്‍ സുനില്‍ കേദാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആനന്ദവനം സ്വാമിയെ എന്‍എസ്എസ് പ്രസിഡന്റ് രവീന്ദ്രന്‍ നായരും, ചെങ്കോട്ടുകോണം സ്വാമിയെ എസ്എന്‍ജി ട്രസ്റ്റ് പ്രസിഡന്റ് അശോക് വാസവും സ്വാമിനി ദേവി മാതായെ നാരായണീയം പ്രമുഖ് സുധാ സദാശിവനും ഉത്തംകുമാറിനെ മുത്തപ്പന്‍ സേവാ സമിതിയുടെ ശക്തി സുകുമാരനും ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
















