ഒരു വാക്ക് കൊടുത്താല്‍ എന്തുകിട്ടും?
വെറും വാക്കല്ല; ആയിരങ്ങള്‍ നെഞ്ചില്‍ തട്ടി ഉച്ചത്തില്‍ വിളിച്ച വാക്ക്! ആഹ്ലാവേളകളില്‍ മാത്രമല്ല, അവസാനമായി വിടപറയുമ്പോഴും തൊണ്ടയിടറി പറയുന്ന വാക്ക്!
ഏതു വാക്കെന്നല്ലേ? രണ്ടു പദങ്ങള്‍ ചേര്‍ന്ന് നക്ഷത്രം ഉണ്ടാകുന്നു എന്നു പറയുംപോലെ, രണ്ടു പദങ്ങള്‍ ഉരുകിച്ചേര്‍ന്ന് ഒരു വെങ്കലപദം. പൂര്‍വപദം ഹിന്ദി/ഉറുദു ഭാഷകളില്‍നിന്നും വന്നതാണ്. ഉത്തരപദം അറബിയാണ്.
ഇനി പറയാം, ലാല്‍ സലാം!
ചുവപ്പന്‍ അഭിവാദ്യം എന്നര്‍ത്ഥം. കമ്യൂണിസ്റ്റുകാരുടെ വേദമന്ത്രം. രക്തസാക്ഷി മന്ദിരങ്ങളില്‍ പുഷ്പാര്‍ച്ചനക്കുശേഷം, മുഷ്ടി ചുരുട്ടി കൈയുയര്‍ത്തി, ഈ മന്ത്രം ഉരുവിടും. അധികാരം ഏറ്റെടുക്കും മുമ്പ് പുന്നപ്ര-വയലാറിലൊക്കെ വന്ന് ഇപ്രകാരം ഒരനുഷ്ഠാനമുണ്ട്. ശബരിമലയിലും ഗുരുവായൂരുമൊക്കെ സോപാനത്തില്‍ നിന്നാലും ശ്രീകോവിലിലേക്ക് തിരിഞ്ഞുനോക്കാത്ത, ക്ഷേത്രഭരണത്തിലും ഭണ്ഡാരത്തിലും കണ്ണുവയ്‌ക്കുന്ന വിപ്ലവകാരികള്‍ പോലും ഈ പറഞ്ഞ പുഷ്പാഞ്ജലിയും മന്ത്രജപവും പതിവുണ്ട്. ഒന്ന് വിശ്വാസം; മറ്റേത് അന്ധവിശ്വാസം!
എകെജിയെയും ഇഎംഎസ്സിനെയും വിഎസ്സിനെയുമൊക്കെ അന്ത്യദര്‍ശനം നടത്തുമ്പോഴും നിരുദ്ധകണ്ഠത്തോടെ വിടപറഞ്ഞത് ഈ വാക്ക് ഉച്ചരിച്ചുകൊണ്ടാണ്.
ഇത്രയുമൊക്കെ പരത്തിപ്പറയാന്‍ കാരണം, ഈയിടെ ഈ പദത്തിന് വന്നുചേര്‍ന്ന ഒരു വേഷപ്പകര്‍ച്ചയാണ്.
സര്‍ക്കാര്‍ ഖജനാവില്‍നിന്നും മൂന്നു കോടി മാത്രം ചെലവിട്ട് അനന്തപുരിയില്‍ ലളിതമായൊരു സ്വീകരണ ചടങ്ങ് നടന്നു. മലയാളിയുടെ വികാരമായ, അഹങ്കാരമായ സാക്ഷാല്‍ മോഹന്‍ലാലിന് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അനുമോദനച്ചടങ്ങ്.
ഈ ചടങ്ങിന്റെ പേര് ‘ലാല്‍സലാം’ എന്നായിരുന്നു. ദ്വയാര്‍ത്ഥ ചാരുത വിളങ്ങുന്ന ഒരു പദം. കാലാകാലങ്ങളായി കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വികാരമായി കൈവശംവച്ചനുഭവിച്ചുപോന്ന ഒരു അഭിവാദ്യപദം.
ഇനിമേല്‍ ഈ പദം ഉരുവിടുമ്പോള്‍ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ രക്തസാക്ഷികള്‍ക്കു പകരം മോഹന്‍ലാലിന്റെ പ്രിയ കഥാപാത്രം തെളിഞ്ഞേക്കാം.
കവി പ്രഭാവര്‍മ്മ ഉള്ളില്‍തട്ടി കാവ്യമധുരിമയോടെ ഇപ്രകാരം എഴുതിപ്പോയതില്‍ അത്ഭുതമില്ല.
”ലാലത്വം- മഹിതത്വമേറുമതിനാലേ ധന്യമീക്കേരള ശ്രീലത്വം ശുഭമാര്‍ന്നു നന്ദി പറയാമീ മോഹനത്വത്തിനായ്…”
വിത്തുകുത്തിത്തിന്ന തറവാട്ടുകാരണവന്മാരുടെ ഭരണം കുറ്റിയറ്റു പോയില്ലല്ലോ എന്നാശ്വസിക്കാം.
കമഴ്ന്നു വീണാലും കാപ്പണം… എന്ന തത്വം കലവറയില്‍ നിധിയുള്ള മഹാക്ഷേത്രങ്ങളില്‍ മാത്രമല്ല, ജനപ്രീതിയും വോട്ടും പെരുമയും കിട്ടുമെങ്കില്‍ വാക്കു വിറ്റും മാമാങ്കം നടത്താം.
ഒരു വാക്കു വിറ്റാല്‍ എന്തു കിട്ടും എന്നത് മാത്രമാണ് പ്രശ്‌നം.
















