തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് തിരിച്ചടി. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെ ന്ന ലേബലില്‍ പ്രചരണത്തിനിറക്കിയ മുട്ടട വാര്‍ഡ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടില്ല. സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തു. നടപടി സിപിഎമ്മിന്റെ പരാതിയില്‍. അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാനാകൂ എന്ന് ചട്ടമുള്ളതിനാല്‍ നിലവില്‍ വൈഷ്ണയ്‌ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാകില്ല. ടിസി നമ്പര്‍ 18/564 എന്ന കെട്ടിടത്തിന്റെ വിലാസത്തിലാണ് വൈഷ്ണയ്‌ക്ക് വോട്ടര്‍പട്ടികയില്‍ പേരുള്ളത്. എന്നാല്‍ ഈ നമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്‌ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം പരാതി നല്‍കിയത്. ഇത് തെരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ താന്‍ താമസിക്കുന്ന വീടിന്റെ നമ്പര്‍ ടിസി 18/2365 ആണെന്നും വോട്ടര്‍പട്ടികയില്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും വൈഷ്ണ പറയുന്നു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ വൈഷ്ണയ്‌ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുമായിട്ടില്ല.
















