ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മഹാവിജയം ദേശീയ തലത്തിലും പ്രതിഫലിക്കും. എന്‍ഡിഎയുടെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചെന്നു മാത്രല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഊര്‍ജ്ജം കൂടിയാണ് ലഭിച്ചത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്, ആസാം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിലില്‍ നടക്കണം. മെയ് 23നാണ് സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത്. മമത സര്‍ക്കാരിന്റെ കാലാവധി മെയ് അഞ്ചിനും തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കാലാവധി മെയ് ഏഴിന് കഴിയും. ആസാമിലെ ഹീമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാരിന്റെ കാലാവധി മെയ് 10ന് തീരും. അഞ്ചു മാസമേയുള്ളൂ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്. ബംഗാളില്‍ അതിശക്തമായ പ്രതിപക്ഷമാണ് ബിജെപി ഇപ്പോള്‍. ബീഹാര്‍ വിജയം ബംഗാളിലേക്കുള്ള മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. കേരളത്തില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയപ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
ബീഹാര്‍ ഫലം ഊര്‍ജ്ജം പകരുക തന്നെ ചെയ്യും. കേവലം അഞ്ചുമാസം മാത്രം അകലമേ നിയമസഭാ തെരഞ്ഞെടുപ്പിന് ഉള്ളൂ. ആസാമില്‍ അധികാരം നിലനിര്‍ത്താനും തമിഴ്‌നാട്ടില്‍ വര്‍ദ്ധിത വീര്യത്തോടെ പോരാടാനും ബീഹാര്‍ ഫലം സഹായിക്കും.
ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരാനും സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ കരുത്തോടെ നടപ്പാക്കാനും ബീഹാര്‍ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
















