പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകൾ മാത്രം നേടി പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെ ആർ ജെ ഡിയിൽ പൊട്ടിത്തെറി. പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിൽ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്‌ട്രീയവും കുടുംബവും ഉപേക്ഷിച്ചു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷം നേടി, 243 അംഗ നിയമസഭയിൽ 204 സീറ്റുകൾ നേടി നിർണായക ഭൂരിപക്ഷം മറികടന്നു. അതേസമയം, ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യത്തിന് 50 സീറ്റ് പോലും കടക്കാൻ കഴിയാത്തതിനാൽ ദയനീയമായ പരാജയം നേരിടേണ്ടിവന്നു. തുടർന്നാണ് ആർജെഡിയിൽ ആഭ്യന്തര കലഹം തുടങ്ങിയത്.
“ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്… സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്… എല്ലാ കുറ്റവും ഞാൻ ഏറ്റെടുക്കുന്നു,” അവർ എക്‌സിൽ പോസ്റ്റ് ചെയ്തു. ആർജെഡി അംഗം കൂടിയായ സഞ്ജയ് യാദവ്, 2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഘോപൂർ സീറ്റിൽ നിന്ന് ഹാട്രിക് വിജയം നേടിയ തേജസ്വി യാദവിന്റെ മുതിർന്ന രാഷ്‌ട്രീയ ഉപദേഷ്ടാവുമാണ്.
കഴിഞ്ഞ വർഷമാണ് രോഹിണി ആചാര്യ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ സരൺ മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ലാലു പ്രസാദ് യാദവിന്റെ രണ്ടാമത്തെ മകളും തേജസ്വി യാദവിന്റെ സഹോദരിയുമാണ് രോഹിണി ആചാര്യ. എംബിബിഎസ് ബിരുദധാരിയാണ്. ഭർത്താവ് സമരേഷ് സിംഗ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. ലാലു പ്രസാദ് യാദവിന്റെ സുഹൃത്തും വിരമിച്ച ആദായനികുതി ഉദ്യോഗസ്ഥനുമായ റായ് രൺവിജയ് സിങ്ങിന്റെ മകൻ.
2024 ഡിസംബറിൽ രോഹിണി തന്റെ വൃക്ക പിതാവിന് ദാനം ചെയ്തിരുന്നു.
















