കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭാരതത്തിന് മികച്ച തുടക്കം. ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ആദ്യം ബാറ്റ് ചെയ്ത വിരുന്നുകാരെ 159 റണ്‍സില്‍ എറിഞ്ഞിട്ടു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സിറാജ് ഉത്തമ കൂട്ടാളിയായി. സ്പിന്നര്‍മാരുടെ വകയായി മൂന്ന് വിക്കറ്റും സംഭാവന ചെയ്തു. വെളിച്ച കുറവ് കാരണം ആദ്യ ദിവസത്തെ മത്സരം നേരത്തെ നിര്‍ത്തേണ്ടിവന്നു. മറുപടി ബാറ്റിങ്ങില്‍ ഭാരതം ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക നേടിയ കുറഞ്ഞ സ്‌കോറിനെതിരെ ബാറ്റിങ് തുടങ്ങിയ ഭാരതത്തിന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ(12) നഷ്ടമായി. 13 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സെടുത്ത് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറും ആണ് ക്രീസില്‍. ഭാരത സ്‌കോര്‍ 18 റണ്‍സിലെത്തുമ്പോള്‍ മാര്‍കോ ജാന്‍സെന്‍ ജയ്‌സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ബൗണ്‍സിനെയും സ്പിന്നിനെയും ഒരു പോലെ പിന്തുണയ്‌ക്കുന്ന പിച്ചിന്റെ ആനുകൂല്യം ഭാരത ബൗളര്‍മാര്‍ നന്നായി മുതലെടുത്തു. പേസര്‍മാര്‍ ഏഴ് വിക്കറ്റ് നേടിയത് ശ്രദ്ധേയമായി. ബുംറയും സിറാജും മാത്രമാണ് പേസര്‍മാരായി അണിനിരന്നത്. ന്യൂബോളിലും തിളക്കം മങ്ങിയ ബോളിലും കരുത്തു കാട്ടിയാണ് ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. മികച്ച തുടക്കം നല്‍കിയ ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നത്. വിക്കറ്റ് നഷ്ടും കൂടാതെ 57 റണ്‍സിലെത്തിനില്‍ക്കെ റയാന്‍ റിക്കിള്‍ട്ടണി(23)നെ ബൗള്‍ഡാക്കി ബുംറ തുടക്കമിട്ടു. പിന്നീട് നാലാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും(24) ടോണി സോര്‍സിയും(24) ചേര്‍ന്ന കൂട്ടുകെട്ട് 43 റണ്‍സെടുത്തതിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 150 കടന്നുകിട്ടിയത്. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. താരത്തെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും ഭാരതത്തിനായി രണ്ടും ഒന്നും വിക്കറ്റുകള്‍ സംഭാവന ചെയ്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് റണ്‍സെടുത്ത ബവൂമ കുല്‍ദീപ് യാദവിന്റെ പന്തില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
















