ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ജാതിക്കളിയാണ് കളിച്ചത്. തെരഞ്ഞെടുപ്പിനു വളരെ മുന്‍പേ തന്നെ ജാതി തിരിച്ചുള്ള സര്‍വ്വേ വേണമെന്ന ആവശ്യം ഇക്കൂട്ടര്‍ ഉന്നയിച്ചതും ഈ കളി മുന്നില്‍ കണ്ടായിരുന്നു.
യാദവര്‍, കുര്‍മികള്‍, ഒബിസിക്കാര്‍, മുന്നോക്കക്കാര്‍ അങ്ങനെ ഹിന്ദുസമൂഹത്തെ പലതട്ടിലായി വിഭജിച്ച് നേട്ടം കൊയ്യാമെന്നതായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്ര പദ്ധതികളിലൂടെയും വനിതാ ശാക്തീകരണത്തിലൂടെയും സ്ത്രീകളെയും ചെറുപ്പക്കാരെയും ഒപ്പം നിര്‍ത്തുന്ന പദ്ധതിയാണ് എന്‍ഡിഎ കൈക്കൊണ്ടത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും, സ്ത്രീകള്‍ക്കുള്ള പ്രത്യേക പദ്ധതികളിലൂടെയും അതിനുള്ള വഴിയാണ് ഒരുക്കിയത്.
അതു പോലെ പാര്‍ട്ടിയും അണികളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളും കഠിനാധ്വാനമാണ് നടത്തിയത്. അമിത് ഷായും മോദിയും ചേര്‍ന്ന് നൂറോളം പൊതുസമ്മേളനങ്ങളാണ് നടത്തിയത്. പ്രവര്‍ത്തകര്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. അത്തരം പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിന് കളമൊരുക്കിയത്. നന്നായി ഗൃഹപാഠം ചെയ്ത് അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരിടവും ബാലികേറാമലയല്ല എന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്ന ജയം.
















