ന്യൂദല്‍ഹി: പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മദിനത്തില്‍ പുറത്തുവന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനേല്‍പ്പിച്ചത് കനത്ത ആഘാതം. സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റയക്കത്തില്‍ ഒതുങ്ങിയെന്ന് മാത്രമല്ല, മഹാസഖ്യം ദയനീയ തോല്‍വിയും ഏറ്റുവാങ്ങി. രാഹുല്‍ ഗാന്ധി ബീഹാറില്‍ ഉയര്‍ത്തിയ വോട്ടുചോരി ആരോപണം ജനം തള്ളി. ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ തലേ ദിവസമാണ് ഹരിയാനയില്‍ വോട്ടുമോഷണം നടന്നെന്ന് ആരോപിച്ച് രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. രാഹുല്‍ ഉന്നയിച്ച ഈ ആരോപണവും ജനം തള്ളിയെന്നതിന് ഈ തെരഞ്ഞെടുപ്പു ഫലം തെളിവായി. രാഹുല്‍ ബീഹാറിലെ യുവാക്കളെയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ജെന്‍ സി രാഹുലിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തതു പോലുമില്ല.
സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും മുതല്‍ പ്രചാരണത്തിലും കോണ്‍ഗ്രസ് പിന്നിലായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കവാദ്രയും പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാലുമായിരുന്നു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതെല്ലാം തകര്‍ന്നു തരിപ്പണമായി. സംഘടനാ ദൗര്‍ബല്യവും ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വീഴ്ചയുടെ ആഴം കൂട്ടി.
കോണ്‍ഗ്രസ് 61 സീറ്റിലാണ് ഇത്തവണ മത്സരിച്ചത്. 2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റുകളിലാണ് വിജയിച്ചത്. 2000ല്‍ 70 സീറ്റില്‍ മത്സരിച്ചപ്പോള്‍ 19 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ആര്‍ജെഡിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ദല്‍ഹിയില്‍ നിന്ന് പട്നയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നിരുന്നു. പത്തോളം സീറ്റുകളില്‍ മഹാസഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പോരടിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിരുന്നില്ല.
രാഹുല്‍ ഉയര്‍ത്തിയ വോട്ടുചോരി വോട്ടായി മാറുമെന്ന കണക്കൂകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അതുണ്ടായില്ല. രാഹുല്‍ നടത്തിയ വോട്ടര്‍ അധികാര യാത്രയില്‍ കണ്ട ആള്‍ക്കൂട്ടം ആര്‍ജെഡിയുടെ പിന്‍ബലത്തിലായിരുന്നു. നിതീഷ്‌കുമാറിനും തേജസ്വി യാദവിനും ഒപ്പം നിര്‍ത്താന്‍ പറ്റുന്ന നേതാവും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ ബീഹാറിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചപ്പോള്‍ തന്നെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പന്തിയല്ലെന്ന് വ്യക്തമായിരുന്നു. വോട്ടെടുപ്പിനു മുമ്പു തന്നെ സംസ്ഥാനത്ത് തോല്‍വിയേറ്റു വാങ്ങുമെന്ന് രാഹുല്‍ പറയാതെ പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് തിരശ്ശീലയ്‌ക്ക് പിന്നില്‍ മറയുകയല്ലാതെ രാഹുല്‍ ഗാന്ധി ജനങ്ങളെ മനസിലാക്കുന്നില്ലെന്ന് ബിജെപി നിരവധി തവണ പറഞ്ഞതാണ്.














