ന്യൂദല്‍ഹി: നിതീഷ് കുമാറിന്റെ ജെഡിയുവുമായി കൈകോര്‍ത്ത് എന്‍ഡിഎ ബീഹാറില്‍ ഭരിയ്‌ക്കുന്നതോടൊപ്പം കേന്ദ്രത്തില്‍ മോദിയും ചേരുമ്പോഴുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ബീഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചതിന്റെ ഫലമാണ് 243ല്‍ 206 സീറ്റുകള്‍ വരെ നേടിയ വിജയം. ഈ അഭൂതപൂര്‍വ്വമായ വിജയം മോദിയെ കൂടുതല്‍ കരുത്തനാക്കുകയാണ്. ബീഹാര്‍ വഴി മോദീസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ഇന്ത്യാ സഖ്യത്തിന്റെ നീക്കം ഇതോടെ ഭസ്മമായി എന്ന് പറയാം.
ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി ഉള്‍പ്പെട്ട മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും ആയിരുന്നു ഇന്ത്യാസഖ്യം കണക്കുകൂട്ടിയത്. പക്ഷെ എന്‍ഡിഎയുടെ മൃഗീയഭൂരിപക്ഷത്തോടെയുള്ള തുടര്‍ഭരണം ഇന്ത്യാ സഖ്യത്തിന്റെ ഈ ഗൂഢപദ്ധതികള്‍ക്കേറ്റ കനത്ത പ്രഹരം കൂടിയായി.
നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയെന്ന മോദിയുടെ തന്ത്രമാണ് എന്‍ഡിഎയ്‌ക്ക് കൂടുതല്‍ അനുഗ്രഹമായത്. രാഷ്‌ട്രീയത്തില്‍ അഴിമതിക്കറ പുരളാത്ത നിതീഷ് കുമാര്‍ ഇന്ത്യാമുന്നണിയില്‍ എത്തിയാല്‍ അത് വലിയ അപകടമാകും എന്ന് മോദിയിലെ രാഷ്‌ട്രീയനേതാവ് തിരിച്ചറിഞ്ഞു. ബിഹാറില്‍ തേജസ്വിയാദവും രാഹുല്‍ ഗാന്ധിയും കെട്ടിയ മനക്കോട്ടയെല്ലാം തകര്‍ന്നടിയുമ്പോൾ ദല്‍ഹിയില്‍ തന്റെ സിംഹാസനത്തിന് കൂടുതല്‍ ഉറപ്പുള്ള അടിത്തറയൊരുക്കുകയാണ് മോദി. നിമോ എന്ന പേരിട്ട് വിളിക്കുന്ന നിതീഷ് -മോദി റാലികളെ തടയാന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരിക്കോ തേജസ്വി യാദവിന്റെ മുസ്ലിം-യാദവ് പ്രീണനങ്ങള്‍ക്കോ സാധിച്ചില്ല.
നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഇതിനിടെ ഇന്ത്യാസഖ്യം ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എന്‍ഡിഎ ബീഹാറില്‍ തോറ്റാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ ഉയർത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ഒരു ശക്തി കെട്ടിപ്പൊക്കാനുള്ള രാഹുല്‍ ഗാന്ധി-തേജസ്വി യാദവ് നീക്കം പൊളിക്കാന്‍ മോദി കഠിനാധ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി പുറത്തെടുത്ത വോട്ട് ചോരിയോ, ഇന്ത്യാസഖ്യത്തിന്റെ ജാതി വിഭജനം കൊണ്ട് വന്ന് ഹിന്ദു സമുദായത്തെ പിളര്‍ത്താനുള്ള നീക്കമോ, വാരിക്കോരി സ്ത്രീകള്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ലാതെ ധനസഹായങ്ങള്‍ വീശിയെറിഞ്ഞ തേജസ്വിയാദവിന്റെ പ്രീണനനീക്കങ്ങളോ ഫലം കണ്ടില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ തിരക്കുകള്‍ ഉണ്ടായിട്ടും 14 റാലികളിലാണ് മോദി പങ്കെടുത്തത്. അമിത് ഷാ 46 റാലികളില്‍ പങ്കെടുത്തു. നിതീഷ് കുമാറും നൂറുകണക്കിന് റാലികളില്‍ പങ്കെടുത്തു.
കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബീഹാറിലെ എന്‍ഡിഎ വിജയം അനിവാര്യമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റിലേക്ക് വീണ ബി ജെ പിക്ക് തെലുങ്കുദേശം പാര്‍ട്ടിയുടെ 16 ഉം ജെ ഡി യുവിന്റെ 12 ഉം ഉള്‍പ്പെടെ 293 എം പിമാരുടെ പിന്തുണയാണുളളത്. ബീഹാറിൽ നാല്‍പതില്‍ 30 സീറ്റിലും വിജയിക്കാന്‍ എന്‍ ഡി എയ്‌ക്ക് കഴിഞ്ഞിരുന്നു. ബീഹാറിലെ ഈ എം പിമാരെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താൻ ബീഹാറിലെ വിജയം സഹായിക്കും.
















