പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആർജെഡിയുടെ ഗതിയും സ്ഥിതിയും വിവരിച്ച് ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പിൽ വാശിയും ആവേശവും ആത്മവിശ്വാസവും ആകാം. പക്ഷേ, ഇത്ര അഹങ്കാരം പാടില്ല. ആർജെഡിയുടെ ധാർഷ്ട്യത്തെ വിമർശിച്ചും എൻഡിഎയുടെ പ്രത്യേകതകളെയും പരാമർശിച്ച് ചിരാഗ് പാസ്വാൻ ഇങ്ങനെ പ്രതികരിച്ചു. ”ഐക്യ എൻഡിഎയുടെ ശക്തിയും ആർജെഡിയുടെ ‘അഹങ്കാരവും’ തമ്മിലുള്ള വ്യത്യാസം കാണണം. നവംബർ 18 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അകാലത്തിൽ, അസ്ഥാനത്ത് അവകാശം പറയുകയായിരുന്നു ആർജെഡി. കഴിവിനേക്കാൾ അഹങ്കാരത്താൽ നയിക്കപ്പെടുന്ന അഭിലാഷത്തിന്റെ ഫലമാണിത്. എൻഡിഎ മുമ്പ് സംസ്ഥാനത്ത് ഇത്രത്തോളം യോജിപ്പില്ലാഞ്ഞ കാലത്ത് ആർജെഡി കഷ്ടിച്ച് വിജയിക്കുകയായിരുന്നു. ആ പരിമിതമായ വിജയം എതിർപക്ഷ സഖ്യത്തിന്റെ കുഴപ്പം മൂലമാണെന്നും സ്വന്തം ശക്തിയല്ലെന്നും ‘ജംഗിൾ രാജ്’ നേതാക്കൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. ബീഹാറിലെ വോട്ടർമാർക്കിടയിൽ അവരുടെ യഥാർത്ഥ സ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ടാവും പാസ്വാൻ പറഞ്ഞു.
















