പത്തനംതിട്ട: എന്‍. വാസു 2010ല്‍ ദേവസ്വം കമ്മിഷണറായി ആദ്യം ചുമതലയേറ്റ കാലത്ത് ഫിനാന്‍സ് കമ്മിഷണറായിരുന്ന വി.എസ്. ജയകുമാറുമായി ചേര്‍ന്ന് കുത്തക ലേലത്തില്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവും ദേവസ്വം മുന്‍ മന്ത്രിയുമായിരുന്ന വി.എസ്. ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.
സ്‌പെഷല്‍ റേറ്റ് പ്രകാരം ഇവര്‍ നിര്‍ദേശിക്കുന്ന തുകയ്‌ക്ക് ലേലം ചെയ്തതായി കരാറുകാരില്‍ നിന്നും എഴുതി വാങ്ങിയായിരുന്നു തട്ടിപ്പ്. തുക കുറച്ച് ലേലം ഉറപ്പിക്കുകയും ബാക്കി പണം കരാറുകാരില്‍ നിന്നും ഇവര്‍ രഹസ്യമായി കൈപ്പറ്റുകയുമായിരുന്നു.
ജയകുമാറിന്റെ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ വഴിയാണ് കരാറുകാരില്‍ നിന്നും പണം സ്വീകരിച്ചിരുന്നതെന്നാണ് സൂചന. വി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതും വിവാദമായിരുന്നു. ഫിനാന്‍സ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും ശബരിമല എക്‌സി. ഓഫീസര്‍ പദവിയില്‍ എത്തിയ ജയകുമാര്‍ പാത്രം വാങ്ങല്‍ അഴിമതിയിലും ആരോപണവിധേയനായി. രണ്ടു വര്‍ഷത്തിനുശേഷം ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ജയകുമാര്‍ കരാറുകാരുമായി രഹസ്യ ഉടമ്പടി ഉണ്ടാക്കിയും തട്ടിപ്പു നടത്തി.
അന്നത്തെ എക്‌സി. ഓഫീസര്‍ ആയിരുന്ന ബി.എല്‍. രേണുഗോപാലിനെ കൊണ്ട് നിര്‍ബന്ധിച്ച് ബില്‍ പാസാക്കിയാണ് ജയകുമാര്‍ പടി വാങ്ങിയിരുന്നത്.
ബിനാമി ഇടപാടിലൂടെയായിരുന്നു മറ്റൊരു തട്ടിപ്പ്. ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകന്‍ ജി.കെ. സായി കൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതെന്നു പറയപ്പെടുന്ന ജികെഎസ് ശാസ്താ പായ്‌ക്കാണ് ബിനാമി കരാറുകള്‍ ഏറ്റെടുത്തിരുന്നത്. ഇത്തവണയും ശാസ്താ പായ്‌ക്കിനു ചില കരാറുകള്‍ ലഭിച്ചതായി അറിയുന്നു. ഇതിനു പിന്നിലും ജയകുമാറാണെന്നാണ് സൂചന.
















