ന്യൂഡൽഹി: (13-11-2025) 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഉമർ ഫറൂഖ്. ഇയാളുടെ മരണത്തിന് പിന്നാലെ ഭാര്യ സംഘടനയിലെ പ്രധാന സ്ഥാനത്തേക്ക് ഉയർന്നുവെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദിലെ കമാൻഡർ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഭീകര സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാത്തുൽ മൊമിനാത്ത്’ –ൽ അംഗമായെന്നാണ് പുതിയ റിപ്പോർട്ട്.ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുൻപാണ് ഇവർ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡായ ജമാത്തുൽ മൊമിനാത്തിന്റെ മുഖ്യ നേതാക്കളിലൊരാളായി പ്രവർത്തനം ആരംഭിച്ചതെന്നും ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു.
അഫീറ ബീബി സംഘടനയുടെ ഷൂറ (ഉപദേശക സമിതി) അംഗവുമാണ്. ജമാത്തുൽ മൊമിനാത്തിന്റെ പ്രവർത്തനങ്ങൾ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ 1999ലെ കണ്ടഹാർ വിമാനം തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യസൂത്രധാരനായിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇയാൾ കൊല്ലപ്പെട്ടുവെങ്കിലും, ഭർത്താവിന്റെ ഭീകര ശൃംഖല ഇപ്പോഴും സാദിയ നിയന്ത്രിക്കുന്നതായി അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൻറെ ഗൂഢാലോചനയും സംവിധാനവും ഉമർ ഫറൂഖ് നേതൃത്വം നൽകിയതായാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
ഐഎസ്, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ ഉൾപ്പെടുത്തി ഭീകരവൽക്കരണം വ്യാപിപ്പിക്കാനും, ഭാവിയിലെ ചാവേർ ആക്രമണങ്ങൾക്ക് അവരെ പരിശീലിപ്പിക്കാനും ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ശ്രമിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘടനയുടെ ഈ നീക്കം, ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സംവിധാനങ്ങൾക്ക് പുതിയ വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
















