വടക്കഞ്ചേരി: ആലത്തൂര്‍ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നടക്കുന്ന കിഴക്കഞ്ചേരി ഗവ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണം കിട്ടാന്‍ ഏറെ ദുരിതം. കലോത്സവ വേദികളുള്ള സ്‌കൂളില്‍ നിന്നും ദൂരെ മാറി കുണ്ടുക്കാട് പഞ്ചായത്ത് കമ്യുണിറ്റി ഹാളിലാണ് ഭക്ഷണശാല. ഇവിടേക്ക് നടന്നു വേണം എത്താന്‍ വെയില്‍ കൊണ്ട് വരി നിന്നു വേണം ഭക്ഷണത്തിന്. ഇന്നലെ ഉച്ചയ്‌ക്ക് കുട്ടികള്‍ വരി നിന്ന് വലഞ്ഞു.
സംഘാടകത്വ പിഴവാണ് കാരണമെന്ന് അധ്യാപകര്‍ പറയുന്നു. ഇന്ന് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍കുട്ടികളും അധ്യാപകരും എത്തും. നൂറിലേറെ സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തിലേറെ കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഒരു സ്ഥലത്ത് ഭക്ഷണം തയ്യാറാക്കി രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ വിതരണം ചെയ്തിരുന്നെങ്കില്‍ ഭക്ഷണം കിട്ടാന്‍ കഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഉപജില്ലാ കലോത്സവം സംബന്ധിച്ച് പത്രങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കിയിരുന്നില്ല. ഇന്നലെ പത്ര പ്രവര്‍ത്തകര്‍ പ്രോഗ്രാം ഓഫീസില്‍ എത്തിയപ്പോഴും സംഘാടകര്‍ കൈമലര്‍ത്തുകയായിരുന്നു. മാത്രമല്ല ഓരോ പരിപാടിയും ഓരോ സംഘടനകളാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയായിരുന്നു. പബ്ലിസിറ്റി കണ്‍വീനറുടെ ഫോണ്‍ നമ്പര്‍ കിട്ടാനും പാട്ഏറെയായിരുന്നു. തിങ്കളാഴ്‌ച്ച വന്ന തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് മുടന്തന്‍ ന്യായമായി സംഘാടകര്‍ പറയുന്നത്.











