ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീരുത്വപരമായ ഈ പ്രവൃത്തി രാജ്യത്തിനും ജനങ്ങൾക്കുമെതിരായ ആക്രമണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും അറിയിച്ചു.
കുറ്റക്കാരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം..
ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപം ഉണ്ടായ സ്ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ.
രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ.
















