ന്യൂദൽഹി: ‘വൈറ്റ് കോളർ ഭീകരത’യുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദി അറസ്റ്റിലായ ആ ‘ഭീകരഡോക്ടർമാർ’ ആരാണെന്നോ? ഇവർക്ക് പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘനയായ ജെയ്ഷെ-ഇ-മുഹമ്മദ് (ജെഇഎം) മായി ബന്ധമുുെണന്ന് മാത്രമറിഞ്ഞാൽ പോരാ. ഡോ. ആദിൽ അഹമ്മദ് റാത്തർ, ഡോ. മുസമ്മിൽ എന്നീ രണ്ട് ഭീകരർ ഡോക്ടർമാരുടെ സമൂഹത്തിനുതന്നെ ആക്ഷേപമായിക്കഴിഞ്ഞു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ഖാസിഗുണ്ട് നിവാസിയാണ് ഡോ. ആദിൽ അഹമ്മദ് റാത്തർ. ഇയാളുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടപടി ആരംഭിച്ചത്.
ഇയാളെ, ഒക്ടോബർ 27 ന് രാത്രി ജെയ്ഷെ-ഇഎം അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട ശ്രീനഗറിലെ പല സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ നടത്തിയ തിരച്ചിലുകളിൽ, കോളേജ് പരിസരത്തുള്ള ഡോ. ആദിൽ അഹമ്മദുമായി ബന്ധപ്പെട്ട ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ സീനിയർ ഡോക്ടറാണ് ഡോ. മുസമ്മിൽ. ഇയാൾ കഴിഞ്ഞ മൂന്നര വർഷമായി സർവകലാശാല കാമ്പസിൽ താമസിച്ചിരുന്നു. ജെയ്ഷെ-ഇ-മുഹമ്മദ് ശൃംഖലയുമായി ഇയാൾക്കുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോ. ഷഹീൻ ഷാഹിദിന്റെ സ്വിഫ്റ്റ് കാറിൽ നിന്ന് ഒരു ക്രിങ്കോവ് അസോൾട്ട് റൈഫിളും മൂന്ന് എകെ 47 തിരകളും 83 റൗണ്ട് വെിയുണ്ടകളും ഒരു പിസ്റ്റളും എട്ട് പിസ്റ്റൾ വെടിയുണ്ടകളും രണ്ട് തിരകളും രണ്ട് ഒഴിഞ്ഞ ഷെല്ലുകളും കണ്ടെടുത്തു. ഷാഹിദിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു പ്രതിയായ ഡോ. ഉമർ മുഹമ്മദ് ഒളിവിലാണ്.
എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്കേസുകളിലായി 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒളിപ്പിക്കാൻ ഡോ. മുസമ്മിൽ ദൗജ് പ്രദേശത്ത് ഒരു മുറി വാടകയ്‌ക്കെടുത്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടാതെ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളായ 20 ടൈമറുകളും 20 ബാറ്ററികളും അതേ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഏകദേശം 15 ദിവസം മുമ്പാണ് സ്ഫോടകവസ്തു ഇയാളുടെ കൈവശം എത്തിയത്. 10 ദിവസം മുമ്പ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
















