തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 12ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ രണ്ടാം വാരം രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പും 20നുള്ളിൽ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലാണ് കോൺഗ്രസ് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് നടക്കും. 101 വാർഡുകളിലേയും സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. ഘടകക്ഷികളുമായുള്ള ചർച്ചകളും പൂർത്തിയായി.
പേട്ട വാർഡിൽനിന്നു മത്സരിക്കുന്ന എസ്പി ദീപക്കിനെയാണ് മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്.സംസ്ഥാനത്ത് നിലവില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളില്‍ 44 എണ്ണം ഭരിക്കുന്നത് എല്‍ഡിഎഫാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ ഏഴ് പഞ്ചായത്തുകള്‍ ഭരിക്കുന്നുണ്ട്.
















