കൊച്ചി : ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചതിനെതിരെ കമ്യൂണിസ്റ്റുകാരും , മതമൗലികവാദികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിറക്കുകയും ചെയ്തു. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും കേന്ദ്ര കല്‍ക്കരി മന്ത്രാലയം ഹിന്ദി അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ പി ശ്യാംരാജ്. സത്യത്തിൽ ഇവരുടെയൊക്കെ മാനസികനില പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :
” സത്യത്തിൽ ഇവരുടെയൊക്കെ മാനസികനില പരിശോധിക്കപ്പെടേണ്ടതാണ്..
എന്തിനാണ് അന്വേഷണം ?
അവരുടെ പ്രശ്നം RSS ഓ, ഗണഗീതമോ ഒന്നുമല്ല.അതിലെ വരികളാണ്…
ആ ഗണഗീതത്തിൽ പറയുന്നതുപോലെ പലനിറമെങ്കിലും ഒരൊറ്റ മനസ്സായി ഈ ജനത നിൽക്കുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്?
ഭഗത് സിങ്ങനും ഝാൻസിയും പ്രഭാത ഭേരിമുഴക്കുമ്പോൾ,ഗുരുദേവനും അരവിന്ദനും കോവിലുകൾ തുറക്കുമ്പോൾ ആർക്കാണ് അതിനെതിരെ നിൽക്കേണ്ടത്?
ഭാരതം ഉണർന്നെഴുന്നേൽക്കുന്നതിൽ ആർക്കാണ് ഇത്ര വേദനയുണ്ടാവുന്നത്?
ഉത്തരം വ്യക്തമാണ് ഈ രാജ്യത്തിന്റെ അസ്തിത്വം നശിക്കണം എന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ -പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര ഇസ്ലാമിക ഫ്രാക്ഷനുകളും,ഇപ്പോൾ അവരുടെ രാഷ്‌ട്രീയ രൂപമായ ,ഈ രാജ്യം പല കഷണങ്ങളായി ഭാഗിക്കണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകളും…..
നിങ്ങളോട് ഒന്നേ പറയാനുള്ളൂ, നിങ്ങളുടെയൊക്കെ അപ്പനപ്പൂപ്പന്മാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ്…
തത്കാലം ബംഗ്ലാദേശിലെ വർഗീയ കലാപങ്ങളും,നേപ്പാളിലെ Gen-Z കലാപങ്ങളും സ്വപ്നം കണ്ട് പോയി കിടന്നു ഉറങ്ങിക്കോ, ഈ ജനത ഒരൊറ്റ മനസ്സായി ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും…” – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനിടെയായിരുന്നു വിദ്യാർത്ഥികൾ ഇന്നലെ ഗണഗീതം ആലപിച്ചത്. എളമക്കര സരസ്വതി വിദ്യാനികേതനിലെ കുട്ടികളാണ് ഗാനം ആലപിച്ച് വൈറലായത്. അതിനു പിന്നാലെയാണ് വിമർശനമുണ്ടായത്.















