സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഗാനരചനയ്‌ക്ക് വേടന് അവാർഡ് നൽകിയതും കുട്ടികളെ പൂർണമായി ഒഴിവാക്കിയതും ഒക്കെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ദേവനന്ദയ്‌ക്കും ദീദി ദാമോദരനും പിന്തുണ പ്രഖ്യാപിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. മധുപാലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് എതിരെ ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലാണ് പ്രതിഷേധം നടക്കുന്നത്. അക്കൂട്ടത്തിൽ ബാലതാരമായി ദേവനന്ദയും ഉണ്ടായിരുന്നു. തനിക്ക് വേണ്ടി ആയിരുന്നില്ല ആ കുട്ടി പ്രതികരിച്ചത്. തനിക്ക് ശേഷം സിനിമയിലേക്ക് വരുന്ന കുരുന്നുകൾക്ക് കൂടി വേണ്ടിയായിരുന്നു. കുട്ടികളുടെ ചിത്രത്തെയും ബാലതാരങ്ങളെയും അപ്പാടെ അവഗണിച്ചു എന്നാണ് പറയുന്നത്.
ദേവനന്ദയുടെ കുറിപ്പിൽ പറയുന്നത് നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത് എന്നാണ്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണ്. ഇനി വരുന്ന തലമുറയ്‌ക്ക് നേരെയാണ് ജൂറി കണ്ണടച്ചത്. രണ്ട് കുട്ടികൾക്ക് അവാർഡ് നിഷേധിച്ചു കൊണ്ടാവരുത് ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങൾക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് ജൂറി ചെയർമാൻ. എല്ലാവരും ഇത് ചർച്ച ചെയ്യണമെന്നും ദേവനന്ദ കുറിച്ചു.
യാതൊരു തരത്തിലും ഈ പ്രവണതയെ അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധിക്കില്ല. ഈ അനീതിക്ക് എതിരെ പ്രതികരിച്ചതിന് ആ കുട്ടിക്ക് എതിരെ സൈബർ ആക്രമണം നടക്കുകയാണ്. ചില സൈബർ പോരാളികൾ പറയുന്നു, ചെറിയ വായിൽ വലിയ വർത്തമാനം പറയേണ്ട എന്നും നീ എവിടുത്തെ നടിയാണ് എന്നുമൊക്കെ. നീ സംഘിയാണ്, മങ്കിയാണ് എന്നൊക്കെ. ആ കുട്ടിയുടെ മാതാവിനെയും പിതാവിനെയും പോലും തെറി പറയുകയാണ് ഇക്കൂട്ടർ.
ബേബി ശ്യാമിലിയേയും ബേബി ശ്യാമിലിയെയും ഒക്കെ പോലെ നന്നായി അഭിനയിക്കാൻ ശേഷിയുള്ള ഒരു കുട്ടിയാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രം റെക്കോർഡ് കളക്ഷൻ നേടിയതാണ്. ആ കുട്ടിയെ മുളയിലേ നുള്ളാൻ ചില വ്യഗ്രത കാണുന്നുണ്ടോ എന്നാണ് സംശയം. ബാലതാരങ്ങളുടെ കാര്യത്തിൽ കർക്കശ നിലപാട് എടുക്കാതെ ചില വിട്ടുവീഴ്‌ചകൾ ആകാമെന്നാണ് പറയാനുള്ളത്.
ജൂറിമാർ കാണിച്ചത് ശുദ്ധ അസംബന്ധം ആണ്. ദീദി ദാമോദരനും ജൂറിക്കും സർക്കാരിനും എതിരെ രംഗത്ത് വന്നിരുന്നു. മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേടന് നൽകിയതിനെയാണ് ദീദി ദാമോദരൻ വിമർശിച്ചത്. വേടന്റെ പാട്ടിനോടൊ വരികളോടോ അവർക്ക് ഒരു എതിർപ്പുമില്ല. എന്നാൽ വേടനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ മുറിവിൽ നിന്നൊഴുകുന്ന ചോര കാണുമ്പോൾ ഇതൊരു അന്യായമാണ്.
പീഡനക്കാരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി.
വേടന്റെ പുരസ്‌കാരത്തിന്റെ കാര്യം എടുത്താൽ ഞാൻ നൂറ് ശതമാനവും ദീദി ദാമോദരന്റെ പക്ഷമാണ്. ഞാൻ അവരുടെ അഭിപ്രായത്തോട് യോജിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം കേസുകൾ കണക്കിലെടുത്ത് മുൻപ് പലരെയും അവാർഡുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീഡന ആരോപണം നേരിടുന്ന വ്യക്തി നിർമ്മിച്ച സിനിമ ഒന്നാകെ ഒഴിവാക്കിയ ചരിത്രവുമുണ്ട്.
ഹോം വിജയ് ബാബു നിർമ്മിച്ചതിന്റെ പേരിൽ അന്ന് മഞ്ജു പിള്ളയ്‌ക്കും ഇന്ദ്രൻസിനും അവാർഡ് നിഷേധിക്കപ്പെട്ടിരുന്നു. അതുപോലെ വിഎസ് ഭരിക്കുന്ന കാലത്ത് പീഡനക്കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിനെ ആദരിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജഗതിയെ പൊന്നാട അണിയിക്കാൻ വിഎസ് അന്ന് കൂട്ടാക്കിയിരുന്നില്ല.
പ്രേംകുമാർ ആശാ സമരത്തിനെ അനുകൂലിച്ചതും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എം സ്വരാജിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്തതും കണക്കിലെടുത്ത് ഒരു മുന്നറിയിപ്പുമില്ലാതെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം അക്കാദമി ചെയർമാൻ ആയി റസൂൽ പൂക്കുട്ടിയെ നിയമിച്ചു. എകെ ബാലൻ മന്ത്രിയായിരുന്നപ്പോൾ ചലച്ചിത്ര ക്ഷേമനിധി പി ശ്രീകുമാറിന് കീഴിൽ ഗംഭീരമായി പ്രവർത്തിച്ചു.
എന്നാൽ സജി ചെറിയാൻ മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോൾ ക്ഷേമനിധി ബോർഡിലേക്ക് മധുപാലിനെ കൊണ്ട് വന്നു. ഒരു പ്രസ്ഥാനത്തെ എങ്ങനെ ഒക്കെ നശിപ്പിക്കാം എന്നതാണ് ഇപ്പോൾ അത് വ്യക്തമാക്കുന്നത്. പെൻഷൻ മുടങ്ങി, എപ്പോഴെങ്കിലും വന്നാൽ ആയി. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ ഒരു 100 രൂപ പോലും പെൻഷൻ കൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.
















