പാലക്കാട്: ഡയാലിസിസിന്റെ അവശതകള്‍ക്കിടയിലും സ്പെഷ്യല്‍ സ്‌കൂള്‍ മേളയില്‍ മത്സരിക്കാനെത്തി അനിരുദ്ധ്.
യുപി വിഭാഗം ക്ലേ മോഡല്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാലക്കാട് യാക്കര ശ്രവണ-സംസ്‌കാര സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ്. കേള്‍വിശേഷിയില്ലാത്ത അനിരുദ്ധ ജന്മനാ കിഡ്നി രോഗബാധിതനുമാണ്. രോഗം മൂര്‍ച്ഛിച്ചതോടെ ഒരു കിഡ്്നി നീക്കം ചെയ്തു. രണ്ടുവര്‍ഷത്തോളം ആശുപത്രികള്‍ കയറിയിറങ്ങി. നിലവില്‍ 12 മണിക്കൂറോളം നീണ്ട പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ തന്നെ ചെയ്യുകയാണ്.
കോട്ടായി പുളിനെല്ലി സ്വദേശികളായ ഷിബു-സന്ധ്യ ദമ്പതികളുടെ മകനാണ്. ചുമട്ടുതൊഴിലാളിയായ ഷിബുവിന്റെ വരുമാനമാണ് ഏക ആശ്രയം. ഇന്നലെ നടന്ന യുപി വിഭാഗം ക്ലേ മോഡല്‍ മത്സരത്തില്‍ കോഴിയും കുഞ്ഞുങ്ങളും എന്നതായിരുന്നു വിഷയം. എന്നാല്‍ ഡയാലിസിസ് കഴിഞ്ഞതിന്റെയും പനിയുടെയും ക്ഷീണം മൂലം അനിരുദ്ധ് ഏറെ അവശനായിരുന്നു. കുറച്ചുനേരം വെറുതെ ഇരുന്നു. പിന്നീട് മണ്ണുകൊണ്ട് നിര്‍മാണം തുടര്‍ന്നെങ്കിലും ആരോഗ്യം അതിന് അനുവദിച്ചില്ല. പിന്നീട് ഏറെ വിഷമത്തോടെ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്‌കൂളിലെ ക്ലേ മോഡല്‍ നിര്‍മാണത്തില്‍ മുന്നിലായിരുന്നു അനിരുദ്ധ്.
















