കൊൽക്കത്ത: (9-11-2025) ബംഗാളിലെ ഹൂഗ്ലിയിൽ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.നാടോടികളായ ബന്‍ജാര വിഭാഗത്തില്‍പ്പെടുന്ന കുട്ടി കുടുംബത്തിനൊപ്പം താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങവേയാണ് ക്രൂരതയ്‌ക്കിരയായത്. കൊതുകുവല മുറിച്ച് അതിനുള്ളില്‍ നിന്നാണ് അക്രമി കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെ താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ ഓടയ്‌ക്കടുത്ത് നിന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ നഗ്നമായ നിലയിൽ കണ്ടെത്തിയത്. മമത ബാനര്‍ജി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണമെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടക്കുന്ന അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
















