കൊച്ചി: വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം ആലപിച്ചതിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്ത് വന്നത് അപലപനീയമാണെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദത്തെ അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ ആലപിച്ച ദേശഭക്തിഗാനം സതേണ്‍ റെയില്‍വേയുടെ സമൂഹ്യ മാധ്യമങ്ങളില്‍ പുനഃസ്ഥാപിച്ചത് അഭിനന്ദനീയമാണ്. ദേശഭക്തിഗാനങ്ങളെ സങ്കുചിത മനോഭാവത്തോടെ കാണുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും നിലപാട് അല്‍പ്പത്തമാണ് അദ്ദേഹം പറഞ്ഞു.
വിവാദത്തെത്തുടര്‍ന്ന് ദേശഭക്തിഗാനം റെയില്‍വേയുടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനെത്തുടര്‍ന്ന് റെയില്‍വേ മന്ത്രാലയം, സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ക്ക് ഭാരതീയ വിദ്യാനികേതന്‍ പരാതി അയച്ചിരുന്നു. വിമര്‍ശനത്തിലും വിവാദത്തിലും കഴമ്പില്ലെന്ന് കണ്ടെത്തിയ റെയില്‍വേ അധികൃതര്‍ പരാതി പരിശോധിച്ച് ദേശഭക്തിഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.
















