ന്യൂദല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് കൃത്യമായ സുരക്ഷാ പ്രോട്ടോക്കോള്‍ ആവിഷ്‌ക്‌രിക്കണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്‌സിന്റെ (ഐഡബ്ല്യുപിസി) വാര്‍ഷിക പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്‌ദേഹം. സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും ആയുധവല്‍ക്കരണം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘അതുല്യമായ അപകടസാധ്യതകള്‍’ സൃഷ്ടിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് പറഞ്ഞു. വ്യാജ ചിത്രങ്ങള്‍, കെട്ടിച്ചമച്ച ഉള്ളടക്കം, നിരന്തരമായ ട്രോളുകള്‍ എന്നിവയിലൂടെ പലപ്പോഴും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു.
ഇത്തരം പ്രവൃത്തികളെ പത്രസ്വാതന്ത്ര്യത്തിനും പൊതുസംവാദത്തിനും നേരെയുള്ള ഗുരുതരമായ ആക്രമണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
















