തിരുവനന്തപുരം: എന്തിനും ഏതിനും ബിജെപിയെയും മോദിയെയും വേട്ടയാടുന്ന മനോരമ ചാനലും രാഹുല്‍ ഗാന്ധി നടത്തിയ ഹരിയാനയിലെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തിയതായി സമ്മതിച്ചു. ദേശീയ മാധ്യമങ്ങളായ ഇന്ത്യാടുഡേയും ഇന്ത്യന്‍ എക്സ്പ്രസും നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുടെ കള്ളം പൊളിച്ചിരുന്നു. അതോടെയാണ് മറ്റ് വഴികളില്ലാതെ മനോരമയും ഇത് ഏറ്റുപറഞ്ഞതെന്ന് കരുതുന്നു.
ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 സ്ത്രീകളുടെ മേല്‍ വിലാസങ്ങളില്‍ ഉപയോഗിച്ചിരുന്നത് ബ്രസീലിലെ മോഡലിന്റെ ചിത്രമാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികമായി ചേര്‍ത്ത കള്ളവോട്ടുകളാണെന്നും ഈ വോട്ടുകളെല്ലാം ബിജെപിയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കട്ട് നല്‍കി എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഈ 22 വോട്ടര്‍മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ ദേശീയ മാധ്യമങ്ങള്‍ ഇറങ്ങിത്തിരിച്ചിരുന്നു. എന്നാല്‍ ആദ്യനാല് മേല്‍ വിലാസങ്ങളിലുള്ള സ്ത്രീകളും ജീവിച്ചിരിപ്പുണ്ടെന്നും ഇവര്‍ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും മനസ്സിലായതോടെ എല്ലാവരും അന്വേഷണം നിര്‍ത്തുകയായിരുന്നു.
ആദ്യം ഇവര്‍ പോയത് സ്വീറ്റി എന്ന സ്ത്രീയുടെ അടുത്തേക്കായിരുന്നു. അവര്‍ വോട്ട് ചെയ്തുവെന്നും 2021ലെ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും കണ്ടെത്തി. തന്റെ കയ്യിലുള്ള വോട്ടര്‍ ഐഡിയില്‍ സ്വന്തം ഫോട്ടോ തന്നെയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.
മഞ്ജിത്, ദര്‍ശന ജൂന്‍, പിങ്കി എന്നീ മറ്റ് മൂന്ന് മേല്‍വിലാസങ്ങളിലുള്ളവരും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ എല്ലാം ഇവരുടെ ഫോട്ടോകള്‍ ആയിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞതെന്ന് മനോരമ ചാനലും പറയുന്നു. ഇതോടെ വലിയൊരു ചോദ്യം ഉയരുകയാണ്. രാഹുല്‍ ഗാന്ധിക്ക് എവിടെ നിന്നാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം 22 സ്ത്രീകളുടെ മേല്‍വിലാസത്തില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക കിട്ടി എന്ന സംശയം ഉണരുകയാണ്. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഒന്നുകില്‍ കോണ്‍ഗ്രസുകാര്‍ തന്നെ സൃഷ്ടിച്ച വോട്ടര്‍പട്ടികയാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയാണോ എന്നും ചോദ്യം ഉയരുന്നു. ഇതിന് ഇനി രാഹുല്‍ ഗാന്ധി തന്നെ ഉത്തരം പറഞ്ഞേതീരൂ.
















