കൊച്ചി: കേരളത്തില്‍ നികുതി അടയ്‌ക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്തുടനീളം ഇനിയും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംയുക്ത പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
കേരളത്തില്‍ നികുതി അടയ്‌ക്കാതെ സര്‍വീസ് നടത്തിയ സര്‍വീസ് നടത്തിയ 25 അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതിന്‌റെ തുടര്‍ച്ചയായാണ് പരിശോധന വ്യാപിപ്പിക്കുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്ക് ഇത്തരം ബസുകള്‍ക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും, സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്‌ക്കണമെന്ന നിയമം പല ബസുകളും ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പിന് പുറമെ, അമിതവേഗം, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മദ്ധ്യമേഖല, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
















