തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം.ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്. വാസുവിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. തെളിവുകള്‍ നിരത്തി വാസുവിനെ വീണ്ടും ചോദ്യംചെയ്യുകയാണ്. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്.
അതേസമയം, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മണ്ണടി സ്വദേശി സുധീഷ് കുമാര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഒരാഴ്ചയോളം അടൂരിലെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ സുധീഷിന്റെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടന്നിരുന്നു.സ്വര്‍ണ മോഷണത്തിന്റെ വിഹിതം ജില്ലയിലെ ചില സിപിഎം നേതാക്കളും കൈപ്പറ്റിയെന്നാണ് സൂചന. ഇയാള്‍ തട്ടിയെടുത്തതിന്റെ വിഹിതം മണ്ണടിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനും കിട്ടിയെന്നാണ് വിവരം.2022 മേയ് മാസത്തിലാണ് സുധീഷ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
അതിന് ശേഷം സിപിഎമ്മില്‍ സജീവമാവുകയായിരുന്നു. നിലവില്‍ മണ്ണടി ദേശക്കല്ലുംമൂട് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം മണ്ണടി മേഖലാ കമ്മറ്റിയംഗവുമാണ്. സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജന്റെ ബന്ധു കൂടിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമം നടത്തിയിരുന്നു.എന്നാൽ, ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് അത് ഉണ്ടായില്ല.
















