തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. യുടെ വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് ഓടിച്ചത്.
വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആര്‍.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആര്‍.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്പെന്‍ഷന്‍ ഉള്ള സീറ്റാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ ഗട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.
















