കൊച്ചി: സംസ്ഥാനത്തെ വീരശൈവ ലിംഗായത്ത് വിഭാഗത്തിലെ വിവിധ സംഘടനകള്‍ ഒന്നിക്കുന്നതിന് ശ്രമം ആരംഭിച്ചു. ആദ്യപടിയായി ഓള്‍ ഇന്ത്യ വീരശൈവമഹാസഭ (അഖില ഭാരത വീരശൈവ മഹാസഭ)യുടെയും അഖില കേരള വീരശൈവ സഭയുടെയും നേതാക്കള്‍ യോഗം ചേര്‍ന്നു. ഇരു സംഘടനകളും ഒന്നിച്ചു ചേരാനും മറ്റു സംഘടനകളുമായും ചര്‍ച്ച നടത്തി ഒറ്റ ശക്തിയായി മാറാനും തീരുമാനമെടുത്തു.
സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളജിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് സംയുക്തയോഗം ആവശ്യപ്പെട്ടു. വീരശൈവര്‍ക്ക് തൊഴില്‍- വിദ്യാഭ്യാസ മേഖലകളില്‍ 3 ശതമാനം പ്രത്യേക സംവരണം അനുവദിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഈഴവ, മുസ്ലിം ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സീറ്റുകള്‍ നീക്കിവയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം അഞ്ചായി വര്‍ദ്ധിപ്പിക്കുകയും രണ്ടെണ്ണം ഈഴവ ഒഴികെയുള്ള ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുകയും വേണം.
ബസവേശ്വര ജയന്തിക്ക് ഇതര തെക്കന്‍ സംസ്ഥാനങ്ങളിലെപ്പോലെ നവോത്ഥാന കേരളത്തിലും അവധി പ്രഖ്യാപിക്കണമെന്നും ബസവേശ്വരന്റെ പ്രതിമ സ്ഥാപിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓള്‍ ഇന്ത്യ വീരശൈവ മഹാസഭയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍ പിള്ള, വൈസ് പ്രസിഡന്റ് പ്രശാന്ത് വിസ്മയ, ജന. സെക്രട്ടറി രതീഷ് ഹരിപ്പാട്, സെക്രട്ടറി എ. ചന്ദ്രകുമാരി എന്നിവരും അഖില കേരള വീരശൈവസഭ സംസ്ഥാന പ്രസിഡന്റ് മാള മോഹനന്‍, ജന.സെക്രട്ടറി എ.കെ. ചന്ദ്രന്‍, ട്രഷറര്‍ ടി.എസ്. സുബോധ്, യൂത്ത്‌വിങ് സംസ്ഥാന പ്രസിഡന്റ് എ.എസ്. അനന്തകൃഷ്ണന്‍ ഇടുക്കി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫെബ്രുവരിയില്‍ വീരശൈവ മഹാസംഗമം സംഘടിപ്പിക്കാനും തീരുമാനമെടുത്തു.











