മുംബൈ: പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലമായ കപൂത്തര്‍ഖാനകള്‍ അടച്ചിടരുതെന്ന ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് നാല് ഇടങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന് അംഗീകരിച്ച് മുംബൈ കോര്‍പറേഷന്‍. നേരത്തെ ദാദറിലെ കപൂത്തര്‍ഖാന അടച്ചിടാന്‍ ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയിന്റെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിക്കാനിരുന്നതാണ്. അതിനിടയിലാണ് ചില കപൂത്തര്‍ഖാനകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ മുംബൈ കോര്‍പറേഷന്‍ അനുമതി നല്‍കിയത്. മുംബൈ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കിയതെന്നാണ് മുംബൈ കോര്‍പറേഷന്‍ നല്‍കുന്ന വിശദീകരണം.
പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്ന ഇടങ്ങളെയാണ് കപൂത്തര്‍ഖാനകള്‍ എന്ന് വിളിക്കുന്നത്. ഇവയില്‍ പലതും തുറന്ന ഇടങ്ങളാണ്. അതിനാല്‍ കൂട്ടത്തോടെ പ്രാവുകള്‍ ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നതും വിസര്‍ജ്ജനം നടത്തുന്നതും പൊതുജനാരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ ഹൈക്കോടതി ഈ കൂപത്തര്‍ഖാനകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത് . എന്നാല്‍ ഇതിനെതിരെ ജൈനസന്യാസിമാര്‍ ശക്തമായി രംഗത്തെത്തി. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യപ്രവൃത്തിയായി കാണുന്നവരാണ് ജൈനമതക്കാര്‍. വനപ്രദേശങ്ങള്‍ ഇല്ലാതാവുകയും മറ്റും ചെയ്തത് മൂലം പ്രാവുകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നു. അങ്ങിനെയാണ് ചില ജൈനസമുദായക്കാര്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. ഇത് പുണ്യപ്രവര്‍ത്തിയാണെന്നും അഹിംസ ആചരിക്കുന്നതിന്റെ ഭാഗമാണെന്നും ജൈനസമുദായം വിശ്വസിക്കുന്നു. ഇത്തരം പുണ്യപ്രവൃത്തികള്‍ കൂട്ടിയാല്‍ ജീവിതത്തില്‍ നന്മയുള്ളതായി മാറുമെന്നും അവര്‍ വിശ്വസിക്കുന്നു.
ബോംബെ ഹൈക്കോടതി കപൂത്തര്‍ഖാനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി അവരുടെ അന്വേഷണങ്ങള്‍ക്ക് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കപൂര്‍ത്താനകള്‍ വലിയ തലവേദനയായിരിക്കുകയാണ്. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ജെയിന്‍, ഗുജറാത്തി വിഭാഗങ്ങളെ വേദനിപ്പിക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്.
















