തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വിവാദത്തില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍.സിന്‍ഡിക്കേറ്റ് യോഗത്തിലെ വിഷയങ്ങള്‍ ഗവര്‍ണറെ നേരിട്ടുകണ്ടാണ് അറിയിച്ചത്.
രജിസ്ട്രാര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമെന്ന് വി.സി ഗവര്‍ണറെ അറിയിച്ചു.വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തത് രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ മാത്രമായിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതോടെ വിസി മോഹനന്‍ കുന്നുമ്മല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.
ഇടത് ഭൂരിപക്ഷ സിന്‍ഡിക്കേറ്റില്‍ മൂന്ന് പേര് ഒഴികെ 19 പേരും രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന നിലപാടാണ് എടുത്തത്.സസ്പന്‍ഷന്‍ കാലത്തും ഡോ അനില്‍കുമാര്‍ ഓഫീസിലെത്തി ഇടത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫയല്‍ നോക്കിയിരുന്നു.
















