പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതുവഴി വിവാദത്തിലായ സിപിഐ വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി അംഗത്വവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്വവും രാജി വെച്ചു. പാര്‍ട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും അവര്‍ വ്യക്തമാക്കി. സിപിഐ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഒട്ടനവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നാണ് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അന്ന് പറഞ്ഞിരുന്നത്.
രാഹുല്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍, ഈ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുവെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. തന്നെയും ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നും അവര്‍ ആക്‌ഷേപിച്ചു. എന്നാല്‍ ശ്രീനാദേവിയെ പിന്തുണയ്‌ക്കാന്‍ അന്ന് പാര്‍ട്ടി തയ്യാറായില്ല.
















