പട്ന : വോട്ടിനായി എന്ത് നാടകവും കളിക്കാൻ തയ്യാറുള്ള വ്യക്തിയാണ് രാഹുൽ ഗാന്ധി . കഴിഞ്ഞ ദിവസം ബീഹാറിലെ കുളത്തിലിറങ്ങി നീന്തിയതും, മീൻ പിടിക്കാൻ നോക്കിയതുമൊക്കെ ട്രോളായിട്ടുമുണ്ട്. ഇപ്പോഴിതാ രാഹുൽ കുളത്തിൽ മീൻ പിടിക്കാൻ ചാടിയതിനെ പരിഹസിച്ച് ബിജെപി എംപി രവി കിഷൻ രംഗത്തെത്തി. രാഹുൽ പിടിച്ച മത്സ്യങ്ങളുടെ എണ്ണത്തേക്കാൾ കുറച്ച് വോട്ടുകൾ മാത്രമേ ഇൻഡി മുന്നണിയ്‌ക്ക് ലഭിക്കൂ എന്നാണ് രവികിഷൻ പറയുന്നത് .
“ഇന്നലെ കുളത്തിൽ ചാടി പിടിച്ച മീനുകളുടെ എണ്ണത്തേക്കാൾ കുറച്ച് വോട്ടുകൾ മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ. അദ്ദേഹത്തിന്റെ നീന്തൽ മികച്ചതായിരുന്നു. ഞങ്ങൾ വോട്ടുകൾ പിടിക്കാൻ പുറത്തുണ്ട്, അദ്ദേഹം മീൻ പിടിക്കുന്ന തിരക്കിലാണ്,” രവി കിഷൻ പറഞ്ഞു.ബീഹാർ തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് വൻ വിജയം ലഭിക്കുമെന്നും രവികിഷൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് അവകാശങ്ങളും ബഹുമാനവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് താൻ കുളത്തിൽ ചാടിയതെന്നാണ് രാഹുൽ പറയുന്നത്.
















