പാലക്കാട്: ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ കുമരനെല്ലൂർ ജിഎച്ച്എസ്എസ് ഇനിമുതൽ അക്കിത്തം, എംടി മെമ്മോറിയൽ ജിഎച്ച്എസ്എസ് എന്നറിയപ്പെടും. മഹാകവി അക്കിത്തവും എം.ടി. വാസുദേവൻ നായരും പഠിച്ച ഈ സ്‌കൂൾ രാജ്യത്തെ ഏറ്റവും പ്രത്യേകതയുള്ള സ്‌കൂൾകൂടിയാണ്.
ഭാരതത്തിലെ സാഹിത്യരംഗത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച രണ്ടുപേർ പഠിച്ച വേറേ സ്‌കൂൾ ഇല്ല. ഒരേ നാട്ടുകാരായ ഇവർക്കുള്ള സ്മാരകം ആയിരിക്കും ഈ സ്‌കൂൾ.
രേഖകളിൽ ഇനി ഈ സ്‌കൂൾ അക്കിത്തം, എംടി സ്മാരക ജിഎച്ച്എസ്എസ് എന്നറിയപ്പെടുമെന്ന് പാലക്കാട് വിദ്യാഭ്യാസ ഉറഡയറക്ടർ ടി.എം. സലിനാ ബീവി അറിയിച്ചു.
















