തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്. ഏകാദശി വിളക്ക് തെളിഞ്ഞു. ഇനി 30 നാള്‍ ഏകാദശി പ്രഭയിലാകും ഗുരുവായൂര്‍ ക്ഷേത്രം. ആദ്യ വിളക്ക് ദിനത്തില്‍ രാത്രി നാലാമത്തെ പ്രദക്ഷിണത്തില്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ കോലം എഴുന്നള്ളിച്ചു. വിനായകനും വലിയ വിഷ്ണുവും ഇടംവലം നിരന്നു.
ഇടയ്‌ക്ക, നാദസ്വര മേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ നറുനെയ് ശോഭയില്‍ ചുറ്റുവിളക്കുകള്‍ തെളിഞ്ഞു. ആയിരക്കണക്കിനു ഭക്തര്‍ വിളക്കിന്റെ ശോഭയില്‍ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് കണ്ടു തൊഴുതു. ഇന്നലെ ദേവസ്വം വക ഉദയാസ്തമന പൂജയോടെ വിളക്ക് ആഘോഷിച്ചു. ഡിസം. ഒന്നിനാണ് ഗുരുവായൂര്‍ ഏകാദശി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ സുകൃതഹോമം തുടങ്ങി. നവംബര്‍ 8 വരെയാണ് സുകൃത ഹോമം. വഴിപാട് ശീട്ടാക്കി സുകൃതഹോമത്തില്‍ പങ്കാളികളായ ഭക്തര്‍ക്ക് സമാപന ദിവസമായ നവംബര്‍ 8ന് പ്രസാദം നല്‍കും. പ്രത്യേകം തയാറാക്കിയ കൗണ്ടറിലൂടെ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയാണ് സുകൃതഹോമത്തിന്റെ പ്രസാദം നല്‍കുക. പ്രസാദം വാങ്ങുവാന്‍ എത്തുന്ന ഭക്തര്‍ ഒറിജിനല്‍ രശീതി കൊണ്ടുവരേണ്ടതാണ്.
















