പത്തനംതിട്ട: രേഖകളില്‍ കൃത്രിമം കാട്ടി ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു കൂട്ടുനിന്ന മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മൂന്നാം പ്രതിയുമായ ഡി. സുധീഷ് കുമാറില്‍ നിന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ലഭിച്ചത് ദേവസ്വം ഉന്നതരുടെ പങ്കു വ്യക്തമാക്കുന്ന വിവരങ്ങള്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സുധീഷ് കുമാറിനെയും പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സി.കെ. വാസുദേവനെയും എസ്‌ഐടി ഇഞ്ചയ്‌ക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച പകലും രാത്രിയിലുമായി നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാവിലെയാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ പത്തനംതിട്ട ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇടനിലക്കാരന്‍ വാസുദേവനെ വിട്ടയച്ചു.
2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനും പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനും ശ്രീകോവില്‍പ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായിരുന്നെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ സുധീഷ് കുമാര്‍ എസ്‌ഐടിയൊടു വെളിപ്പെടുത്തിയെന്നറിയുന്നു. നേരത്തേ രണ്ടാം പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും ഇതേ സൂചന നല്കിയിരുന്നു. തനിക്കു മാത്രമായി സ്വര്‍ണപ്പാളികളെ ചെമ്പെന്ന് തിരുത്താനാകില്ലെന്നും തന്റെ മുകളിലുള്ള അഞ്ചു പേരറിയാതെ ഇതൊന്നും നടക്കില്ലെന്നുമായിരുന്നു മുരാരി ബാബു എസ്‌ഐടിയോടു പറഞ്ഞത്.
സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. മുരാരി ബാബുവായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. ദേവസ്വം മാനുവല്‍ പ്രകാരം എന്തു തീരുമാനങ്ങള്‍ക്കും ഫയല്‍ തുറക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി മുകളിലേക്ക് അയയ്‌ക്കുന്ന ഫയലില്‍ മാറ്റം വരുത്താനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവകാശം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുണ്ട്. ആ നിലയ്‌ക്കു നോക്കുമ്പോള്‍ രേഖകള്‍ പ്രകാരം കൊള്ളയ്‌ക്ക് ആദ്യം വഴി തുറന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഈ ഫയല്‍ തിരുത്താതെ കൊള്ളയ്‌ക്കു വഴി സുഗമമാക്കുകയായിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍.
സ്വര്‍ണം ചെമ്പാക്കി മാറ്റിയെഴുതി. കൂടാതെ ദേവസ്വം മാനുവല്‍ മറികടന്നു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാനും ഇവര്‍ നിര്‍ദേശിച്ചു. ദ്വാരപാലക ശില്‍പങ്ങള്‍ പോറ്റിയുടെ അഭാവത്തില്‍ അനന്ത സുബ്രഹ്മണ്യം, രമേശ് റാവു എന്നിവര്‍ക്ക് കൈമാറുക മാത്രമല്ല, സുരക്ഷയൊരുക്കാതെ ചെന്നൈക്ക് കടത്താനും ഇരുവരും കൂട്ടുനിന്നു.
ഇനി ആരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണത്തെ രേഖകളില്‍ ചെമ്പായി എഴുതിച്ചേര്‍ത്തതെന്ന കാര്യമാണ് വ്യക്തമാകേണ്ടത്. ഇവര്‍ക്കു മുകളിലുള്ള നാലു പേര്‍ക്കു കൂടി കൊള്ളയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി നിഗമനം. അതു ദേവസ്വം കമ്മിഷണറും ബോര്‍ഡ് അംഗങ്ങളുമാണെന്ന സംശയം ഓരോ ദിവസവും ബലപ്പെടുന്നു.
ചോദ്യം ചെയ്യലില്‍ ഒരിക്കല്‍പ്പോലും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സുധീഷ് കുമാര്‍ ശ്രമിച്ചില്ല. 1998ല്‍ വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് സര്‍വീസിലുണ്ടായിരുന്നവരാണ് മുരാരി ബാബുവും സുധീഷ് കുമാറും. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നെന്നത് അന്നേ ഇവര്‍ക്ക് അറിയാവുന്നതാണ്. 21 വര്‍ഷത്തിനിപ്പുറം പഴയ ഉദ്യോഗസ്ഥരില്‍ തങ്ങളൊഴികെ ഏതാണ്ടെല്ലാവരും വിരമിക്കുകയോ സ്ഥലംമാറിപ്പോകുകയോ ചെയ്തതിനാല്‍ സ്വര്‍ണപ്പാളികളെ ചെമ്പെന്നു തിരുത്തിയാലും പുറത്തറിയില്ലെന്നാണ് ഇവരുള്‍പ്പെട്ട തട്ടിപ്പുസംഘം ധരിച്ചത്. തുടര്‍ന്ന് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് സ്വര്‍ണപ്പാളികള്‍ കടത്തിയതും.
വാസുദേവനെ വീണ്ടും ചോദ്യം ചെയ്യും
പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യുമെന്നറിയുന്നു. പല കാര്യങ്ങളും ഒളിപ്പിച്ചാണ് വാസുദേവന്‍ മൊഴി നല്കിയതെന്ന് എസ്‌ഐടിക്കു ബോധ്യമായിട്ടുണ്ട്. സന്നിധാനത്തു നിന്നു സ്വര്‍ണപ്പാളികള്‍ ഇളക്കിയപ്പോഴെല്ലാം വാസുദേവന്റെ സാന്നിധ്യമുണ്ടായിരുന്നു. ദ്വാരപാലക ശില്‍പത്തിന്റെ കാണാതായ പീഠം ഇദ്ദേഹമാണ് ഏറെ നാള്‍ സൂക്ഷിച്ചത്. വിവാദമായപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ പീഠമെത്തിച്ചതും ഇയാളാണ്. പോറ്റിയും വാസുദേവനും ചേര്‍ന്ന് അന്വേഷണം വഴി തിരിച്ചുവിടാന്‍ മുന്‍കൂട്ടി തിരക്കഥ തയാറാക്കിയതായും എസ്‌ഐടി സംശയിക്കുന്നു.
















