തിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യത്തിന് അടിത്തറയിട്ടതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരാളാണ് മലയാളി വി.പി. മേനോന്‍. പക്ഷേ അത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള ബോധം മലയാളികളുടെ കൂട്ടബോധത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉച്ചരിച്ച വാക്കുകള്‍ അതിനാല്‍ തന്നെ ചരിത്രാവിഷ്‌കാരമായി. “ദേശീയ ഐക്യത്തിനായി വി.പി. മേനോന്‍ നടത്തിയ സേവനം അവിസ്മരണീയമാണ്” — ഈ വാക്കുകള്‍ക്കുള്ളില്‍ മറന്നുപോയ ഒരു മലയാളിയുടെ മഹത്വം മുഴുവന്‍ അടങ്ങിയിരിക്കുന്നു.
സര്‍ദാര്‍ വല്ലഭായി പട്ടേലിനൊപ്പം നിന്നു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനിലേക്കു കൂട്ടിച്ചേര്‍ത്തത് സാധാരണ ഭരണനൈപുണ്യത്തിന്റെ ഫലം മാത്രമല്ല; അത് ദീര്‍ഘദര്‍ശിതയുടെയും അളവറ്റ ദേശസ്‌നേഹത്തിന്റെയും പ്രതിഫലനമായിരുന്നു. ആ മഹാദൗത്യത്തിന്റെ ശില്പിയാണ് വി.പി. മേനോന്‍. എന്നാല്‍ ഭാരതത്തിന്റെ ഭരണചരിത്രം രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പലപ്പോഴും പുറമ്പോക്കില്‍ ഒതുങ്ങിപ്പോയി. കേരളത്തിന്റെ പൊതുസ്മരണയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ അപ്രസക്തമായി. അതാണ് വേദനാജനകമായത്.
ചരിത്രം പലപ്പോഴും നിശ്ശബ്ദ സേനാനികളെ മറക്കുന്നു. ആദി ശങ്കരന്‍, രാജാ രവിവര്‍മ്മ, ചേറ്റൂര്‍ ശങ്കരന്‍ നായര്‍, വി.പി. മേനോന്‍ — കേരളം ലോകത്തിനു നല്‍കിയ മഹാന്മാരാണ്. അവരുടെ ചിന്തയും കര്‍മ്മവും ഭാരതത്തിന്റെ ആത്മാവാണ്. എന്നാല്‍ ഈ ആത്മാവിനെ തിരിച്ചറിയുന്നതില്‍ കേരളം പലപ്പോഴും മടുപ്പും അനാസ്ഥയും കാണിച്ചിട്ടുണ്ട്. ആ അനാസ്ഥയെയാണ് ഗവര്‍ണറുടെ വാക്കുകള്‍ വെളിവാക്കിയത്.
കോണ്‍ഗ്രസിന്റെ ഏക മലയാളി അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ അനുസ്മരിച്ചിരുന്നു. അതിനൊടുവിലാണ് മലയാളികള്‍ അദ്ദേഹത്തെ പുതിയ ഉത്സാഹത്തോടെ പഠിക്കാന്‍ തുടങ്ങിയത്. തനിക്ക് ലഭിച്ച എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജിവെച്ച് ലണ്ടനില്‍ പോയി ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് നീതി തേടിയ കേസില്‍ വാദിച്ച മനുഷ്യനായിരുന്നു ശങ്കരന്‍ നായര്‍.
നരേന്ദ്രമോദി ശങ്കരന്‍ നായരെ ശ്രദ്ധയില്‍ കൊണ്ടുവന്നതുപോലെ, വി.പി. മേനോനെ കേരളഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നു — കേരളം മറന്ന മറ്റൊരു മഹാനായ മലയാളിയെ.
ഗവര്‍ണര്‍ സൂചിപ്പിച്ച മറ്റൊരു സത്യം കേരളത്തിന്റെ സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടു. “സര്‍ക്കാരുകള്‍ തങ്ങളുടെ ഭാഗം ചെയ്യുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കരുത്” എന്ന പ്രസ്താവന ഭരണത്തിന്റെയും പൗരന്റെയും ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധം വെളിവാക്കുന്നു. “വികസിത ഭാരതം വികസിത കേരളത്തിലൂടെയാണ് കടന്നുപോകുന്നത്” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മവിശ്വാസത്തോടെയുള്ള മുന്നറിയിപ്പാണ് — യഥാര്‍ത്ഥ വികസനം ജനപങ്കാളിത്തത്തിലൂടെയേ സാധ്യമാവൂ.
മലയാളികള്‍ എല്ലാ മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ടെങ്കിലും, സ്വന്തം ചരിത്രമൂല്യങ്ങളെ തിരിച്ചറിയുന്നതില്‍ വൈകുന്ന സമൂഹമാണ് നാം. വി.പി. മേനോനെ പോലെ രാജ്യം നയിച്ചവരെ ഓര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ ചടങ്ങുകളിലേക്കോ ആചാരങ്ങളിലേക്കോ ഒതുങ്ങരുത്; അത് തലമുറകളുടെ ബോധത്തിലേക്ക് ദേശസ്‌നേഹത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും പ്രേരണയായി കടക്കണം.
രാജ്ഭവനിലെ വേദിയില്‍ നിന്നുള്ള ഗവര്‍ണറുടെ ആ ഓര്‍മ്മപ്പെടുത്തല്‍ കേരളത്തിനും ഭാരതത്തിനും ഒരുപോലെ പ്രസക്തമാണ് — മഹാന്മാരെ ഓര്‍ക്കുന്നത് ചരിത്രത്തെ മാത്രം പുനര്‍സ്മരിപ്പിക്കുന്നതല്ല; അത് ഭാവിയെ ഉണര്‍ത്തുകയാണ്.
















