ന്യൂദല്‍ഹി :കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ചൈനീസ് അംബാസിഡര്‍. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്‌ഹോങ് ആണ് സമൂഹ മാധ്യമമായ എക്‌സില്‍ പ്രശംസയുമായി എത്തിയത്.
ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ് എന്ന തലക്കെട്ടില്‍ പിണറായി വിജയന്റെ പോസ്റ്റര്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് പ്രശംസ. കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ ചരിത്ര നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങള്‍. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്”- ഷു ഫെയ്‌ഹോങ് എഴുതി.
അതിനിടെ അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം പുതിയ കേരളത്തിന്റെ ഉദയവും നവകേരളത്തിലേക്കുള്ള ചവിട്ടുപടിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















