തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അതിദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌തെന്ന സര്‍ക്കാര്‍ അവകാശ വാദം പൊള്ളയെന്ന് കണക്കുകള്‍. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സര്‍വെ നടത്തി 64,006 അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കിയെന്നാണ് വാദം.
എന്നാല്‍ 5.92 ലക്ഷം കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തില്‍ കേരളത്തിലുള്ളതെന്നാണ് 2024ലെ സര്‍ക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ കണക്ക്. മൂന്ന് മാസം മുമ്പ് നിയമസഭയില്‍ മന്ത്രി ജി.ആര്‍. അനില്‍ അവതരിപ്പിച്ചതും ഈ കണക്കാണ്. 5.92 ലക്ഷം അതിദരിദ്ര കുടുംബങ്ങളെ ഒരു വര്‍ഷത്തിനിടയില്‍ ദാരിദ്ര്യമുക്തമാക്കിയത് എങ്ങനെയെന്നാണ് ചോദ്യം. കേന്ദ്രത്തിന്റെ കണക്കില്‍ ഇപ്പോഴും കേരളത്തില്‍ 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിലുണ്ട്. മഞ്ഞക്കാര്‍ഡുടമകളായ ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നുമുണ്ട്.
സുരക്ഷിതമായ വാസസ്ഥലമില്ലാതെ ടാര്‍പോളിന്റെ കീഴില്‍ അന്തിയുറങ്ങുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലുണ്ട്. വനവാസി മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2,56,102 പട്ടികജാതിക്കാരും 1,02,098 പട്ടിക വര്‍ഗ്ഗക്കാരും ഇപ്പോഴും ഭവന, ഭൂരഹിതരാണ്.
കേരളം ഭാരതത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 9ന് പ്രത്യേകം വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ നടത്തും. വൈകീട്ട് 3ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് മുഖ്യാതിഥി, വിശിഷ്ടാതിഥികളായി നടന്‍മാരായ മമ്മൂട്ടി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കണക്കുകളും പൊരുത്തക്കേടുകളും
1) 2013 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 5.92 ലക്ഷം കടുംബങ്ങളെയാണ്. ഇക്കാര്യം 2024ല്‍ ബജറ്റിനു മുന്‍പ് അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തിലുണ്ട്. കേവലം ഒരു വര്‍ഷം കൊണ്ട് ഇത്രയും കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചോ?
2) 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം വനവാസികള്‍ തന്നെയുണ്ട്. ഇവരില്‍ വെറും 6400 കുടുംബങ്ങള്‍ മാത്രമാണ് അതിദരിദ്രര്‍ എന്നാണ് സംസ്ഥാനം ഇപ്പോള്‍ പറയുന്നത്.
3) കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ നിലയില്‍ ആയിരിക്കെ വെറും 64,006 പേര്‍ മാത്രമാണ് അതിദരിദ്രര്‍ എന്ന കണക്കില്‍ വലിയ പൊരുത്തക്കേടാണ് ഉള്ളത്.
















