കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചതിന് രണ്ട് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സിപിഐ. കണ്ണൂര്‍ ജില്ലയിലെ രണ്ട് നേതാക്കള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗര്‍ കെ വിയോടുമാണ് വിശദീകരണം തേടിയത്.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.കൈവിട്ട പ്രതിഷേധത്തിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരത്തില്‍ ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്‍ പറഞ്ഞത്.
സിപിഐ മന്ത്രിമാര്‍ക്കെതിരെയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവന്‍ കുട്ടി രംഗത്തെത്തിയിരുന്നു.തുടര്‍ന്നായിരുന്നു ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്‌മോന്റെ പ്രസ്താവന.
















