തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കേസന്വേഷണ വിവരങ്ങള്‍ ഇനി മാധ്യമങ്ങള്‍ക്ക് ലഭിക്കില്ല. എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കുന്നത് വിലക്കിക്കൊണ്ട് ഡിജിപി ആവര്‍ത്തിച്ച് സര്‍ക്കുലര്‍ ഇറക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ കത്തു നല്‍കിയതെന്നും വിശദീകരണമുണ്ട്.
കുറ്റാരോപിതരുടെ കുറ്റസമ്മതമൊഴികള്‍ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ലെന്നും അന്വേഷണ ഘട്ടത്തില്‍ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കിയ കത്തില്‍ പറയുന്നത്.
















